കോണ്‍ക്ലേവ് എന്തിന്? റിപ്പോർട്ട്‌ വൈകിയത് പോലെ നടപടി വൈകരുതെന്ന് ആനി രാജ

Published : Aug 23, 2024, 02:38 PM ISTUpdated : Aug 23, 2024, 02:48 PM IST
കോണ്‍ക്ലേവ് എന്തിന്? റിപ്പോർട്ട്‌ വൈകിയത് പോലെ നടപടി വൈകരുതെന്ന് ആനി രാജ

Synopsis

കോണ്‍ക്ലൈവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യേണ്ട കാര്യമല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. കോണ്‍ക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമല്ലെന്നും ആനി രാജ.

ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോർട്ട്‌ വൈകിയത് പോലെ നടപടി വൈകരുതെന്നും ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ദില്ലിയിൽ പറഞ്ഞു.

കാലതാമസത്തെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ആ പോസ്റ്റുമോർട്ടത്തിലേക്കല്ല ഇപ്പോൾ പോവേണ്ടതെന്ന് ആനി രാജ പ്രതികരിച്ചു. നിലവിൽ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോർട്ടിൽ നടപടികൾ വൈകരുത്. എങ്കിൽ മാത്രമേ ഭാവിയിലും സ്ത്രീകൾക്ക് ഭയരഹിതരായി കടന്നുവരാൻ കഴിയൂ. ജോലി സ്ഥലത്തെ സൌകര്യങ്ങൾ ഉള്‍പ്പെടെ ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. കോണ്‍ക്ലൈവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യേണ്ട കാര്യമല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. കോണ്‍ക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമല്ലെന്നും ആനി രാജ വ്യക്തമാക്കി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടി കോടതിയിലേക്ക് തട്ടിയിരിക്കുകയാണ് സർക്കാർ. കേസെടുക്കുന്നിൽ ഹൈക്കോടതി നിലപാട് പറയട്ടെ എന്ന് പറഞ്ഞ് സാംസ്കാരിക മന്ത്രി ഇന്നും ഒഴിഞ്ഞുമാറി. ആദ്യം പഠിക്കട്ടെയെന്ന് പറഞ്ഞു. പിന്നെ പരാതി തന്നാൽ മാത്രം കേസെന്ന് പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടതോടെ ഇനി എല്ലാം കോടതി തീരുമാനിക്കട്ടെ എന്നായി. ഗുരുതരമായ മൊഴികളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. 

ഭാരതീയ ന്യായസംഹിത പ്രകാരം നേരിട്ട് കേസെടുക്കാവുന്ന കുറ്റം വ്യക്തമായാൽ പരാതി ഇല്ലെങ്കിൽ പോലും പൊലീസിന് കേസെടുക്കാമെന്നുള്ളത് സർക്കാർ മനപ്പൂർവ്വം മറയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് നയരൂപീകരണം മാത്രമായിരുന്നു സർക്കാറിന്‍റെ മനസ്സിൽ. ഇരകൾ പരാതി നൽകിയാൽ മാത്രം കേസെന്ന നിലപാടും എടുത്തു. പക്ഷെ കോടതി ഇടപെട്ടതോടെ ഇനി നിലപാട് അറിയിക്കേണ്ട ബാധ്യത കൂടി വന്നിരിക്കുന്നു. നിയമ, രാഷ്ട്രീയ പരിശോധനക്ക് ശേഷം സർക്കാർ എന്ത് അറിയിക്കുമെന്നത് പ്രധാനമാണ്.

'അമ്മ അഞ്ചു ദിവസം നിശബ്ദത പാലിച്ചു, അവരിൽ നിന്നും ആത്മാർത്ഥത പ്രതീക്ഷിക്കുന്നില്ല': ദീദി ദാമോദരൻ

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു