'അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെന്ത്?' മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാൽ

Published : Apr 07, 2026, 04:58 PM ISTUpdated : Apr 07, 2026, 05:02 PM IST
K C Venugopal

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുറന്ന കത്തയച്ചു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച, ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിജെപിയുമായി 'ഡീൽ' ഉണ്ടാക്കിയോ എന്ന് കത്തിൽ പത്ത് ചോദ്യങ്ങളിലൂടെ വേണുഗോപാൽ ചോദിക്കുന്നു.

കേരളത്തിൽ മറ്റന്നാൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്രമന്ത്രി അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നുവെന്നും അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടതെന്നുമടക്കം കെ സി വേണുഗോപാലിന്റെ കത്തിലൂടെ ചോദിക്കുന്നു.

കെ സ് വേണുഗോപാലിന്റെ കത്തിന്റെ പൂർണ രൂപം:

'പ്രിയപ്പെട്ട ശ്രീ.പിണറായി വിജയൻ,

കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നിൽക്കുമ്പോൾ കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ. അതിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന പത്തു ചോദ്യങ്ങൾ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു.

1. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു ? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത് ?

2. ഡൽഹിയിൽ കേരള ഹൗസിൽ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്നു നൽകിയത് എന്തു ‘ഡീൽ’ ഉറപ്പിക്കാനായിരുന്നു ?

3. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്കു പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ?

4. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടതു എന്തു ‘ഡീൽ’ ? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി പി. എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ വാശിപിടിച്ചതു ആരുടെ താൽപര്യം സംരക്ഷിക്കാൻ ? ആരുടെ തടി രക്ഷപ്പെടുത്താൻ ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത് ?

5. കേന്ദ്രസര്‍ക്കാർ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബർ കോഡിനു ചട്ടങ്ങൾ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ് ? തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ താങ്കൾ ലേബർ കോഡിന്റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയുനകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയിൽ നിന്ന് 10000 രൂപയാക്കിയില്ലേ ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ് ?

6. താങ്കൾ പ്രതിസ്ഥാനത്തുള്ള എസ്എൻസി ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിലെ വിചാരണ നടപടികൾ രാജ്യത്തിന്റെ നിയമചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതു താങ്കൾക്കുള്ള പാരിതോഷികമോ, ‘ഡീലി’ ന്റെ ബോണസ്സോ ? താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു

പ്രധാനമന്ത്രി മോദിയോടു അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകൾ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താൽപര്യം സംരക്ഷിക്കാനല്ലേ ? ‘മോദി’ എന്നു പേരെടുത്തു പറഞ്ഞു വിമർശിക്കാൻ താങ്കൾ പേടിക്കുന്നതും അതുകൊണ്ടല്ലേ ?

7. കരിമണൽ മാസപ്പടി കേസില്‍ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരുമായി താങ്കൾ നടത്തിയ ‘ഡീലി’ ന്റെ വ്യവസ്ഥകൾ പുറത്തു പറയാവുന്നവയാണോ ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ബിജെപിക്കായി കോടികൾ കൊണ്ടുവന്ന കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ ? താങ്കളുടെ മകനെതിരെ വന്ന ഇ.ഡി നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ?

8. ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂർ പൂരം അട്ടിമറിച്ചു തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയ്ക്കു വിജയിക്കാൻ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആർ അജിത്കുമാറിനെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ആരുടെ നിർദേശ പ്രകാരം ? ആരുടെ താൽപര്യം സംരക്ഷിക്കാൻ ?

9. തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത് ? അതിന്റെ വിശദാംശങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താൻ ആർജ്ജവമുണ്ടോ ? 10. താങ്കളുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം പാതിവഴിയിൽ നിലച്ചു പോയത് ആര് ഇടപെട്ടിട്ടാണ് ? എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ താങ്കളുടെ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അല്ലേ കമ്മീഷനെ നിയമിച്ചത് ?

താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.

വിശ്വസ്തതയോടെ

കെ സി വേണുഗോപാൽ

ശ്രീ. പിണറായി വിജയൻ

മുഖ്യമന്ത്രി, കേരളം'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാഷ് മോനേ വിളിക്ക് പിണറായിക്ക് വീട്ടിൽ ഇരുന്ന് സ്വയം പഴിക്കേണ്ടി വരും, നിലവാര തകർച്ച, അധികാരം നഷ്ടമായതോടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും ഷാഫി
നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം സുരക്ഷാ വലയത്തിൽ; 76,000 പൊലീസുകാർ സജ്ജം