
വയനാട്: വനയോര ഗ്രാമങ്ങളിലെ മനുഷ്യ മൃഗ സംഘർഷങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സംസ്ഥാന സർക്കാരും കൈവിട്ടു. ജനകീയ പ്രതിഷേധം ശമിപ്പിക്കാൻ ജനപ്രതിനിധികളുമായെത്തി വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും മിക്കതും പ്രാഥമിക ധന സഹായത്തിലൊതുങ്ങി. കണ്ണിൽ പൊടിയിടുന്ന പരിപാടി ഇനി നടക്കില്ലെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 പേരാണ് സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മാത്രം മരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോർട്ടർ യാത്ര തുടങ്ങുന്നു...
2024 ഫെബ്രുവരി 11നാണ് വയനാട് പടമല സ്വദേശി നാൽപ്പത്തിയേഴുകാരനായ അജീഷിനെ കാട്ടാന വീട്ടിൽക്കയറികുത്തിക്കൊന്നത്. ഒരു കുടുംബത്തിന്‍റെ അത്താണിയാണ് ഇല്ലാതായത്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് പാതിവഴിയിൽ ഉടഞ്ഞുപോയത്. അജീഷിന്‍റെ മരണത്തിന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ആന്ന് ഗവർണറും മന്ത്രിമാരും ജനപ്രതിനിധികളും ഒരുപാട് വാഗ്ദാനങ്ങൾ തന്നു. അന്നത്തെ പ്രതിഷേധത്തീയണക്കാൻ അഞ്ച് വാഗ്ദാനങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്. കുടുംബത്തിന് പത്തുലക്ഷം രൂപ ആദ്യഘട്ട ധനസഹായം, പിന്നീട് അൻപത് ലക്ഷം, കുടുംബത്തിലൊരാൾക്ക് ജോലി, കുട്ടികളുടെ പഠനം ഏറ്റെടുക്കും, കടം എഴുത്തിത്തള്ളും എന്നിവയായിരുന്നും വാഗ്ദാനങ്ങള്‍. പക്ഷേ ആദ്യഘട്ട ധനസഹായമായ പത്തുലക്ഷത്തിൽ എല്ലാം ഒതുങ്ങി.
Also Read: ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി
പടമല അജീഷിന്‍റെ കുടുംബത്തിന്‍റെ മാത്രം അനുഭവമില്ലിത്. മനുഷ്യമൃഗ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഭൂരിഭാഗം കുടുംബങ്ങളുടെയും അനുഭവമാണ്. ഇത് മനുഷ്യരോടുളള സർക്കാരിന്‍റെ വെല്ലുവിളിയെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം കുറ്റപ്പെടുത്തി. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ മരിച്ചെങ്കിൽ ഈ വർഷം ആദ്യ നാൽപത് ദിവസത്തിനുള്ളിൽ ആറുപേർ ഇല്ലാതായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം