
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കോൺഗ്രസ് അറിഞ്ഞുകൊണ്ട് തന്നെയാണ് ആക്രമണം നടത്തിയതെന്നും ജയരാജൻ ആരോപിച്ചു. 12,000 രൂപക്ക് ടിക്കറ്റെടുത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. ഒരാൾ വധശ്രമക്കേസിൽ അടക്കം ഉൾപ്പെട്ട ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നും ജയരാജൻ ആരോപിച്ചു. ഈ സംഭവത്തെ ഇടതുമുന്നണി ശക്തമായി അപലപിക്കുകയാണ്. ജനങ്ങളെ അണിനിരത്തി ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതിയെ മുൻനിർത്തിയാണ് യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയേയും സർക്കാരിനേയും അപമാനിക്കുന്നത്. തൃക്കാക്കര വിജയത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും ജയരാജൻ ആരോപിച്ചു. തൃക്കാക്കരയിൽ തുടങ്ങിയ പുതിയ കൂട്ടുകെട്ടാണ് സർക്കാരിനെതിരെ പ്രവർത്തിക്കുന്നത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് ആ അഹങ്കാരത്തിന്റെ പുറത്താണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. തൃക്കാക്കരയ്ക്ക് ശേഷം പുതിയ ലീഡറായി ഉയർന്ന് വരാനാണ് സതീശന്റെ ശ്രമം. ലീഡർ കരുണാകരൻ എവിടെ കിടക്കുന്നു സതീശൻ, എവിടെ കിടക്കുന്നുവെന്നും ഇ.പി.ജയരാജൻ ചോദിച്ചു.
ഇടത് വികസനം ജനം നെഞ്ചേറ്റിയതാണെന്നും ജയരാജൻ പറഞ്ഞു. വികസന നേട്ടങ്ങളെ അലങ്കോലമാക്കാൻ നടത്തുന്ന ശ്രമം തുറന്നു കാണിക്കും. ഭീകര പ്രവർത്തനവും മാഫിയാ രാഷ്ട്രീയവുമാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്. എട്ടര മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി വെള്ളം കുടിപ്പിച്ചത്. ഇതടക്കം കേന്ദ്ര നയങ്ങൾ തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല കേരളത്തിലെ കോൺഗ്രസെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിലെ പൊള്ളത്തരങ്ങളും വികസനത്തെ തോൽപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളും തുറന്നുകാണിക്കാൻ ജൂൺ 21 മുതൽ സംസ്ഥാനത്ത് ബഹുജന റാലികളും വിശദീകരണ യോഗങ്ങളും ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ജയരാജൻ അറിയിച്ചു.
'പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത് ശരിയായില്ല'
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളി കയറേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇ.പി.ജയരാജൻ. വീട്ടിൽ കയറാൻ പാടില്ലായിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ എന്തുണ്ടായെന്ന് അന്വേഷിക്കാം. കെപിസിസി ഓഫീസ് ആക്രമിച്ചതിന് ന്യായീകരണം ഇല്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതിനെ ന്യായീകരിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam