കോഴിക്കോട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തും

By Web TeamFirst Published Apr 20, 2021, 10:38 AM IST
Highlights

സ്പെഷ്യൽ വിങ്ങുകളിൽ ജോലി ചെയ്യുന്ന പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും. ഇവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. സ്പെഷ്യൽ വിങ്ങുകളിൽ അത്യാവശ്യത്തിന് ഉദ്യോഗസ്ഥരെ മാത്രം അവശേഷിപ്പിച്ച് ബാക്കി എല്ലാവരെയും സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം.

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലയിലെ എല്ലാ വിഭാഗങ്ങളിലേയും  പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനുകളിലേക്ക് തിരിച്ചു വിളിച്ചു. അയ്യായിരത്തോളം കിടക്കകള്‍ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ ഒരുക്കി. ജില്ലയില്‍ 142 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയില്‍ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 22.67 ആണ്. രോഗികളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തിലേറെ വര്‍ദ്ധനയാണ് ഒരാഴ്ചക്കിടെ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ വിഭാഗങ്ങളിലേയും പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനുകളിലേക്ക് തിരിച്ചു വിളിച്ച് കൊവിഡ് ജോലിക്കായി നിയോഗിക്കുന്നത്. പരിശോധന കര്‍ശനമാക്കാനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്താനുമാണിത്. രാത്രികാല കര്‍ഫ്യൂ ശക്തമായി നടപ്പാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

നിലവില്‍ 142 വാര്‍ഡുകള്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പ്രാഥമിക ചികിത്സകേന്ദ്രങ്ങള്‍ ഒരുക്കുന്നത് തുടരുകയാണ്. ഇതിനകം 4445 കിടക്കകള്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഒപി ടിക്കറ്റ് നല്‍കുന്ന സമയം രാവിലെ എട്ട് മുതല്‍ 10 മണി വരെയാക്കി ചുരുക്കി. കൊവിഡ് പരിശോധന കൂട്ടാനും കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് പല വാക്സിൻ കേന്ദ്രങ്ങളിൽ നിന്നും ആളുകൾ മടങ്ങി പോകുന്ന സ്ഥിതിയാണുള്ളത്. ഒരു ദിവസം 100 ടോക്കൺ മാത്രമേ കൊടുക്കു എന്ന് അധികൃതർ നിലപാടെടുത്തതോടെയാണിത്. പല വാക്സീൻ കേന്ദ്രങ്ങളിലും രാവിലെ തന്നെ 100 ടോക്കൺ കഴിഞ്ഞിട്ടുണ്ട്. 


 

click me!