
തൃശൂര്‍: കൊച്ചിയിൽ കല്ലട ബസില്‍ വച്ച് യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയിൽ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും. ബസുടമ സുരേഷ് കല്ലടയും യോഗത്തിൽ ഹാജരാകും.
ഏപ്രിൽ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്. സംഭവം വിവാദമായതോടെ ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദേശിക്കുകയായിരുന്നു. കേസിൽ എറണാകുളം ആർടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റർ ചെയ്തത് ഇരിങ്ങാലക്കുട ആർടിഒയുടെ കീഴിലായതിനാൽ തുടർ നടപടികൾ ഇരിങ്ങാലക്കുടയിലേക്ക് മാറ്റി.
ഇരിഞ്ഞാലക്കുട ആർടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയിൽ തീരുമാനമെടുത്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കളക്ടർ ,ജില്ലാ പൊലീസ് മേധാവി ആർടിഒ ഉൾപ്പടെയുള്ളവരടങ്ങുന്ന സമിതി എടുക്കുന്ന തീരുമാനം കോടതിയിൽചോദ്യം ചെയ്യുക എളുപ്പമല്ല. യോഗത്തിൽ ഹാജരാകാൻ സമിതി അംഗങ്ങൾക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ബസിന്‍റെ പെർമിറ്റ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്കാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam