പൂരത്തിന് തിടമ്പേറ്റാന്‍ രാമന്‍ എത്തുമോ? ഇനി കാത്തിരിപ്പ് കളക്ടറുടെ തീരുമാനത്തിന്

By Web TeamFirst Published May 11, 2019, 9:19 AM IST
Highlights

ആരോഗ്യക്ഷമത പരിശോധിച്ച മൂന്നംഗ മെഡിക്കൽ സംഘം ഉടൻ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്ന് ഇന്നലെ തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചിരുന്നു.

തൃശ്ശൂർ: ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയതോടെ പൂര വിളംമ്പരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്താനുള്ള സാധ്യത തെളിയുന്നു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്ന് ഇന്നലെ തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചിരുന്നു. 

ആരോഗ്യക്ഷമത പരിശോധിച്ച മൂന്നംഗ മെഡിക്കൽ സംഘം ഉടൻ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. രാമചന്ദ്രന് മദപ്പാടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരത്തിൽ മുറിവുകളില്ല . പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ . കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെ രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള  സാധ്യത തെളിയുകയാണ്. 

കളക്ടറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ്  ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്.  ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു . 

പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയാലും മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം.ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും എന്നും കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.

click me!