
കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ട്രോളുകൾക്കും വിമർശനങ്ങൾക്കും പാട്ടിലൂടെ തന്നെ മറുപടി പറയുകയാണ് കണ്ണൂർ തലശ്ശേരിയിലെ മാളിയേക്കൽ കുടുംബം. കെ കെ ശൈലജയ്ക്ക് പിന്തുണയുമായി തെരഞ്ഞെടുപ്പ് കാലത്ത് സ്വീകരണ ഗാനം പാടിയ കുടുംബമാണ് മാളിയേക്കൽ. വടകരയിലെ തോൽവിക്ക് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്.
'സ്വാഗതമരുളുന്നേ...' കഥ തുടങ്ങുന്നത് ഈ സ്വീകരണ ഗാനത്തിൽ നിന്നാണ്. കുടുംബ യോഗത്തിൽ ശൈലജ ടീച്ചർ വന്നപ്പോഴാണ് ആ ഗാനം ആലപിച്ചതെന്ന് അമീന മാളിയേക്കൽ പറഞ്ഞു. നേരത്തെ ഷംസീർ മത്സരിച്ചപ്പോഴും ജയരാജൻ മത്സരിച്ചപ്പോഴും പാട്ട് പാടിയിരുന്നുവെന്ന് അമീന പറഞ്ഞു. പാട്ട് വൈറലായി. തെരഞ്ഞെടുപ്പ് ഫലം വന്നു. കെ കെ ശൈലജ തോറ്റതിന് പിന്നാലെ പാട്ട് പാടിയവരെ കളിയാക്കി ട്രോളുമിറങ്ങി. ആദ്യമാദ്യം അവഗണിച്ചു. എന്നാൽ വൈകാതെ വിമർശനം അതിര് വിട്ടു. അശ്ലീല ചുവയോടെയുള്ള പോസ്റ്റുകള്‍ വന്നപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് കുടുംബം പറയുന്നു.
എങ്കിൽ പിന്നെ പാട്ടിൽ തന്നെ മറുപടി- "നമ്മള് പാട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു പേടിയുമില്ല." സ്വന്തം രാഷ്ട്രീയം പറയാനും മാളിയേക്കൽ കുടുംബത്തിന് മടിയില്ല. ഇടതുപക്ഷം മാനവികതയുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്ന് ജാബിർ മാളിയേക്കൽ പറഞ്ഞു. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. യുഡിഎഫ് പ്രവർത്തകരാണ്, പ്രത്യേകിച്ച് മുസ്‍ലിം ലീഗ് പ്രവർത്തകരാണ് പിന്നിലെന്ന് മനസ്സിലായിട്ടുണ്ടെന്നും ജാബിർ പറഞ്ഞു.
പറയുന്നവർ പറയട്ടെ, നമ്മളിനീം പാടുമെന്ന് എൺപതുകാരി കുഞ്ഞാച്ചു- "എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. തെറ്റല്ലല്ലോ ചെയ്തെ. പാട്ട് പാടിയതല്ലേ. അത് വലിയ തെറ്റാ? പാട്ട് പാടുന്നതിനെ എന്തെല്ലാം പറഞ്ഞാലും എത്രയെല്ലാം എതിർത്താലും ഞമ്മളെ കുടുംബത്തോടെ പാട്ട് പാടും"