സൗമിനി ജെയിന്‍ പുറത്തേക്ക്? കൊച്ചി കോര്‍പ്പറേഷനില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി

By Web TeamFirst Published Oct 27, 2019, 10:47 AM IST
Highlights

മേയറെയും മുഴുവൻ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റാനാണ് തീരുമാനം. ഇക്കാര്യം കെപിസിസി പ്രസിഡന്‍റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. 

കൊച്ചി: തെരഞ്ഞെടുപ്പ് ദിവസം നഗരത്തിലുണ്ടായ വെള്ളക്കട്ടും  ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തതിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിന് പദവി നഷ്ടമാകും. മേയറെയും മുഴുവൻ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്‍റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പടെ ഭരണസമിതി മൊത്തത്തിൽ മാറണമെന്ന് മുന്നേ തന്നെ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് മേയറെ മാറ്റാന്‍ തീരുമാനിച്ചതെന്ന് കെ ബാബു പറഞ്ഞു.

കോർപ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം ഉപതെരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല. മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിച്ചു. നഗരസഭയുടെ വീഴ്ചകൾക്ക് മേയർക്ക് മാത്രമല്ല എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ള വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാരിനും വീഴ്ചപറ്റിയെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി.

മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്‍റിന്‍റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി യോഗം ചേർന്നിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മേയറുടെ ഭരണവീഴ്ച്ചയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയര്‍ന്നിരുന്നു. ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാൻ കോ‍ർപ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. എന്നാൽ നേട്ടങ്ങൾ വരുമ്പോൾ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയര്‍ തുറന്നടിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണ് ക്രഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയതെന്നും മേയർ കുറ്റപ്പെടുത്തിയിരുന്നു.
 

click me!