
കോഴിക്കോട്: കാലിക്കറ്റ് (Calicut university) സർവ്വകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിൻറിക്കറ്റിനോട് ശുപാർശ ചെയ്തതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
ഡിഗ്രി രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോർ അക്കാദമിക്ക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങൾ അവർത്തിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 4 നായിരുന്നു പരീക്ഷ നടന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു.
എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നിരിക്കെ നടപടിയും എടുത്തിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായിറങ്ങി. പ്രതിഷേധം കടുത്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പരീക്ഷ കൺട്രോളർ തീരുമാനിച്ചത്. പുന: പരീക്ഷ ഏപ്രിൽ 25 ന് തന്നെ നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.
കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം, ബോട്ടണി ചോദ്യപ്പേപ്പറിലും പഴയ ചോദ്യങ്ങൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. ഇക്കാര്യം വിവാദമായതോടെ കണ്ണൂർ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുരുതരമായ പിഴവാണ് കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലുണ്ടായത്. കഴിഞ്ഞ ദിവസം സൈക്കോളജി ചോദ്യ പേപ്പറും ഇത്തരത്തിൽ ആവർത്തിച്ചിരുന്നു. മൂന്ന് ചോദ്യപേപ്പറുകൾ 2020 തിലേത് ആവർത്തിച്ചതാണെന്ന് കണ്ടെത്തിയതോടെ റദ്ദാക്കി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണ്.
ചോദ്യ പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നൽകി എന്നാണ് പ്രാധമിക നിഗമനം. അതുകൊണ്ട് ഇതേ അധ്യാപകൻ തയ്യാറാക്കിയ തിങ്കളാഴ്ച നടക്കേണ്ട മൂന്നാം സെമസ്റ്റർ ബിരുദം ഫിലോസഫി കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റി വെച്ചു. ഗുരുതര ക്രമക്കേടിൽ പ്രതിഷേധിച്ച് എംഎസ്എഫ് സർവ്വകലാശാല മാർച്ച് നടത്തി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam