ഓട്ടോഡ്രൈവറുടെ മരണം: രാജേഷിനെ സിപിഎം പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്ന് ദൃക്സാക്ഷി

By Web TeamFirst Published Sep 22, 2019, 10:25 AM IST
Highlights

രാജേഷിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്ന് ദൃക്സാക്ഷി. അക്രമത്തിന് നേതൃത്വം നല്‍കിയത് സിപിഎം മുന്‍കൗണ്‍സിലര്‍, തടയാനെത്തിയവരെ വിരട്ടിയോടിച്ചു.
 

കോഴിക്കോട്: എലത്തൂരിൽ ഓട്ടോഡ്രൈവർ രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷി. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷി സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന തന്നെയും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് സജീവൻ. 

കാല് വെട്ടുമെന്നായിരുന്നു ഭീഷണിയെന്നും കൂടെയുണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവർത്തകനേയും അടിച്ചെന്നും  സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവ ദിവസം മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ ശ്രിലേഷുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മറ്റ് സിപിഎം പ്രവർത്തകരും കൂടി എത്തി ഓട്ടോയിൽ നിന്നും രാജേഷിനെ വലിച്ച് താഴേയിട്ട് ചവിട്ടി കൂട്ടുകയായിരുന്നുവെന്ന് സജീവൻ പറ‍ഞ്ഞു. ആക്രമണം തടയാൻ എത്തിയവരെ പ്രവർത്തകർ  വിരട്ടിയോടിച്ചുവെന്നും സജീവൻ പറയുന്നു. മർദ്ദനമേറ്റത് സഹിക്കാൻ വയ്യാതെയാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ​ഗുരുതരമായി പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ രാത്രി മരിച്ചു.

പൊള്ളലേറ്റാണ് രാജേഷ് മരിച്ചതെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ പൊള്ളലേറ്റതല്ല ആന്തരിക ക്ഷതമാണ് മരണകാരണമായത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രാജേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരൂ.
 
രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്.  ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്. 

"

click me!