
കണ്ണൂർ: കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. പയ്യന്നൂർ സ്വദേശി ഷിഫാന പരിക്കേറ്റ് ഇപ്പോൾ ചികിത്സയിലാണ്. എന്നാൽ ഇതേ കേസിൽ വാഹനം ഇടിപ്പിച്ചയാൾ നൽകിയ പരാതിയിൽ ഷിഫാനയുടെ ഭർത്താവിനെ ചന്തേര പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എടച്ചാക്കൈ കൊക്കോകടവില്‍ വച്ച് പയ്യന്നൂര്‍ തായിനേരി സ്വദേശി റംഷാദും എടച്ചാക്കൈ സ്വദേശി സുറൂര്‍ റഹ്മാനും ഓടിച്ച കാറുകള്‍ തമ്മില്‍ ഇടിച്ചത്. റംഷാദിനൊപ്പം ഭാര്യ ഷിഫാനയും രണ്ട് ചെറിയ കുട്ടികളും കാറിലുണ്ടായിരുന്നു. കാറ് ഇടിച്ചതിനെ തുടര്‍ന്ന് ഹോക്കി സ്റ്റിക്കുമായി വന്ന് തന്‍റെ ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും തങ്ങളിരുന്ന കാറിലേക്ക് ഒന്നിലധികം തവണ ഇടിപ്പിച്ചുവെന്നും ഷിഫാന പറയുന്നു. കാല് പൊട്ടി കഴുത്തിന് പരിക്കേറ്റ് ഷിഫാന ചികിത്സയിലാണ്.
എന്നാൽ സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പൊലീസ് ഷിഫാനയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സുറൂര്‍ റഹ്മാനെ ആക്രമിച്ചെന്ന പരാതിയില്‍ ഷിഫാനയുടെ ഭര്‍ത്താവ് റംഷാദ്, പടന്ന സ്വദേശി ബാദുഷ എന്നിവർക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ കോടതി റിമാന്‍റ് ചെയ്തു. സുറൂര്‍ റഹ്മാനെ ഏഷ്യാനെറ്റ് ന്യൂസ് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോൺ കോൾ ഇദ്ദേഹം അറ്റന്റ് ചെയ്തില്ല. ഷിഫാനയ്ക്ക് പരിക്കേറ്റത് കാറപടത്തിലാണെന്ന് ചന്തേര പൊലീസ് പറയുന്നു. അതുകൊണ്ടാണ് മൊഴിയെടുക്കാത്തതെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam