
ബെംഗളൂരു: ഭർത്താവിനെ കണ്ടെത്താൻ മൊബൈൽ ടവറിന് മുകളിൽ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം. നെലമംഗലയെ മൂന്ന് ദിവസം മുൾമുനയിൽ നിർത്തിയ നാടകീയ രംഗങ്ങൾക്കൊടുവിൽ യുവതിയെ പൊലീസ് ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. പാവഗഡ സ്വദേശിനി സിന്ധു എന്ന ഇരുപതുകാരിയാണ് മൂന്ന് ദിവസം ബെംഗളൂരു അതിർത്തിയിലുള്ള നെലമംഗലയിൽ പൊലീസിന് തലവേദന ഉണ്ടാക്കിയത്. ഈ മാസം ആറാം തീയതിയായിരുന്നു സിന്ധുവും ഗണേഷ് എന്ന യുവാവും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം സിന്ധുവിന്‍റെ പെരുമാറ്റത്തിലുള്ള ബുദ്ധിമുട്ടുകൾ കാരണം ഗണേഷ് വീട്ടിൽ നിന്നും പോയി. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നു എന്ന് ആരോപിച്ച് സിന്ധു തിരക്കേറിയ റോഡിന് നടുവിൽ കുത്തിയിരുന്നു. പൊലീസ് അനുനയിപ്പിച്ച് മാറ്റും വരെ തുടർന്ന് പ്രതിഷേധം. അടുത്ത ദിവസം മകാലി ഗ്രാമത്തിലെ ഒരു മൊബൈൽ ടവറിന് മുകളിൽ കയറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസുകാർ ഇവരെ താഴെയിറക്കി പാവഗഡയിലുള്ള അമ്മയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ അധികൃതരെയും നാട്ടുകാരെയും അമ്പരപ്പിച്ച സിന്ധു ഇന്നലെ വീണ്ടും മദനായകനഹള്ളിയിൽ തിരിച്ചെത്തുകയും, അതേ മൊബൈൽ ടവറിന് മുകളിൽ വീണ്ടും കയറി ഇരിപ്പുറപ്പിക്കുകയുമായിരുന്നു.
ഒടുവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ടവറിന് മുകളിൽ കയറിയാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്. സിന്ധുവിന്‍റെ തുടർച്ചയായുള്ള അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത്, വിദഗ്ധ പരിശോധനകൾക്കും ചികിത്സകൾക്കുമായി പൊലീസ് ഇവരെ ഇപ്പോൾ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം ഭർത്താവ് ഗണേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam