
കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിലെ പ്രതി റമീസിന്‍റെ സുഹൃത്ത് സഹദും പൊലീസ് കസ്റ്റഡിയില്‍. സഹദിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. കുറ്റകൃത്യത്തിന് കൂട്ട് നിന്നു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ്. റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ്നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ റിമാൻഡിൽ ഉള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം.
റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത്, പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. കേസിൽ റമീസിന്‍റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതി ചേർക്കുന്നത്. കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ ഇതിനിടെ ഇരുവർക്കുമിടയിൽ ചില തർക്കങ്ങളുണ്ടായെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് 'ഇടപ്പള്ളി സെക്സ് വർക്കേഴ്സ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് തർക്കമായതെന്ന് പൊലീസ് പറയുന്നു.
റമീസ് അനാശാസ്യത്തിന് പോയെന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam