Latest Videos

കൊച്ചിയില്‍ കൊവിഡ് മുക്തയോട് അയിത്തം; തിരിച്ചെത്തിയ യുവതിയെ ഹോസ്റ്റലില്‍ കയറ്റിയില്ല

By Web TeamFirst Published Oct 17, 2020, 9:37 AM IST
Highlights

ഇത് ഒറ്റപ്പെട്ട സംഭവമല്ല. രോഗമുക്തരായിട്ടും, കൊവിഡ് ഭീതിയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. 

കൊച്ചി: കൊവിഡ് മുക്തയായ യുവതി ക്വാറന്‍റീൻ പൂർത്തിയാക്കിയിട്ടും ഹോസ്റ്റലിൽ താമസിപ്പിക്കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവിൽ ഇറങ്ങേണ്ടി വന്നത്. സംഭവത്തിൽ ഹോസ്റ്റൽ ഉടമക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി.

സെപ്റ്റംബർ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിൽ നിന്നും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കൊവിഡ് പരിശോധനയിൽ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി. തുടർന്ന് സംസ്ഥാന സർക്കാർ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്‍റീനും പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ എത്തി. എന്നാൽ, ഹോം ക്വാറന്‍റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു.

കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ഓഫീസ് പ്രവർത്തിക്കുന്നില്ല. നിലവിൽ സഹപ്രവർത്തകയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് യുവതി. എന്നാൽ, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവൻ സമയം ഹോസ്റ്റൽ മുറിയിൽ ചിലവഴിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീൻസ് ഹോസ്റ്റൽ ഉടമയുടെ പ്രതികരണം. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. രോഗമുക്തരായിട്ടും, കൊവിഡ് ഭീതിയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പലരും പരാതി നൽകാൻ തയ്യാറല്ല. പൊതുജനങ്ങൾക്കിടയിൽ ഇത്തരം അനാവശ്യ ഭീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.

ഹോസ്റ്റല്‍ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് രോഗമുക്തയോട് വിവേചനം പാടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്തത്തില്‍ പൊലീസ് ഇടപെടുമെന്ന് ശൈലജ കൂട്ടിച്ചേര്‍ത്തു.

click me!