വാക്സീന്‍ എടുത്ത സ്ത്രീ കുഴഞ്ഞുവീണു; വടകര സ്വദേശി ചികിത്സയില്‍, കളക്ടര്‍ക്ക് പരാതി നല്‍കി

By Web TeamFirst Published Jun 2, 2021, 7:05 PM IST
Highlights

തെറ്റായ രീതിയിൽ വാക്സീൻ എടുത്തതാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാൻ കാരണമെന്ന് കാണിച്ച് കുടുംബം ജില്ലാകളക്ടർക്ക് പരാതി നൽകി

കോഴിക്കോട്: കൊവിഡ് പ്രതിരോധ വാക്സീൻ എടുത്തതിന് ശേഷം തളർന്ന് വീണ സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. വടകര തീക്കുനി സ്വദേശി രജിലയാണ് ചികിത്സയിലുള്ളത്. തെറ്റായ രീതിയിൽ വാക്സീൻ എടുത്തതാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാൻ കാരണമെന്ന് കാണിച്ച് കുടുംബം ജില്ലാകളക്ടർക്ക് പരാതി നൽകി

ചൊവ്വാഴ്ച വൈകിട്ടാണ് 46 കാരിയായ രജില ഭർത്താവ് നിസാറിനൊപ്പം ആയഞ്ചേരി പിഎച്ച്എസ്‍യിൽ  ആദ്യ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിക്കാനായി പോയത്. എന്നാൽ രജിലക്ക് രണ്ട് ഡോസ് കൊവിഷീൽഡ് വാക്സീൻ നൽകിയെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇത് പിഎച്ച്എസിയിലെ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തിയെന്നും കുടുംബം പറയുന്നു. ഒരു മണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തിയെങ്കിലും പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വീട്ടിലേക്ക് അയച്ചു. 

രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് രജിലയെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. എന്നാൽ വാക്സീൻ നൽകിയതിൽ വീഴ്ചയില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. വാക്സീൻ നൽകാനുള്ള ആദ്യ ശ്രമത്തിൽ സിറിഞ്ചിലേക്ക് രക്തം കയറിയതിനാൽ നൽകാനായില്ല. രണ്ടാമത്തെ ശ്രമത്തിലാണ് വാക്സീൻ നൽകിയത്. വാക്സിൻ എടുത്തവരിൽ പല‍ർക്കും ഇത്തരത്തിൽ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെന്നും ഇതിൽ അസ്വാഭാവികത ഇല്ലെന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

click me!