'ഹണിട്രാപ്പ് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്ഐ'; ഉദ്യോഗസ്ഥരെ കെണിയിലാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും യുവതി

By Web TeamFirst Published Sep 10, 2021, 3:34 PM IST
Highlights

യുവതിയുടെ പരാതിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട ഒരു എസ്ഐയാണ് ഇപ്പോൾ പരാതി നൽകിയത്. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം: ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട എസ്ഐയാണ് ഹണിട്രാപ്പിന് പരാതി നൽകിയത്. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് കേസെടുത്തു. 

ഹണിട്രാപ്പിന്‍റെ അന്വേഷണം നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറൽ എസ്പി കൈമാറി. പരാതിക്കാരനായ എസ്ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാൽസംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിച്ചു. 

പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തി. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നായിരുന്നു കണ്ടെത്തൽ. പൊലീസുകാരുടെ വീടുകളിൽ പോലും പോയി ഭീഷണിമുഴക്കിയെന്നും റിപ്പോർട്ടുകളുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!