
എറണാകുളം: കൊവിഡിനെ തുടർന്നുണ്ടായ കടുത്ത ന്യുമോണിയ ബാധിച്ച് കാലടി സ്വദേശി സെലിൻ മരിച്ചതോടെ ഭിന്നശേഷിക്കാരിയായ ചേച്ചി സിസിലി തീര്‍ത്തും ഒറ്റയ്ക്കായി. അനുജത്തിയുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ സിസിലിക്ക് സഹായം വേണമെങ്കിലും സർക്കാർ ഓഫീസുകളിൽ അപേക്ഷയുമായി കയറിയിറങ്ങാനുള്ള ആവതില്ല.
മെയ് 24 ന് രോഗം ബാധിച്ച് സിയാലിലെ കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ച സെലിനെ ന്യുമോണിയ അധികമായതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചത് ജൂൺ 9 ന്. അതുവരെയും കൊവിഡിൽ പെട്ട കണക്ക് തെറ്റിയത് മരണശേഷം നടത്തിയ പരിശോധനയിൽ. മരിക്കുമ്പോള്‍ നെഗറ്റീവായിരുന്നെന്ന് ആശുപത്രി അധികൃതർ. എഴുതിക്കൊടുത്തത് കാരണം കാണിക്കാത്ത മരണ സർട്ടിഫിക്കറ്റും. സെലിന്റേത് കൊവിഡ് മരണമാണെന്ന് പറയാനോ കണക്കിൽ അവളെയും പെടുത്തണമെന്ന് ആവശ്യപ്പെടാനോ സഹായം ചോദിച്ച് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാനോ സിസിലിക്കറിയില്ല.
ഏഴാം വയസ്സിൽ അനിയത്തിയായി സെലിനുണ്ടായതിൽ പിന്നെ കഴിഞ്ഞ 63 വർഷമായി സിസിലിക്കിങ്ങനെ പാടുപെടേണ്ടി വന്നിട്ടില്ല. പറയുന്നതൊക്കെയും കേൾക്കാനും എപ്പോഴും കൂട്ടിരിക്കാനും ഈ ചെറിയ വീട്ടിൽ സിസിലിക്ക് സെലിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിന് സിസിലിയും. വിവാഹം പോലും വേണ്ടെന്ന് വെച്ച് ഭിന്നശേഷിക്കാരിയായ ചേച്ചിക്ക് കൂട്ടായിരുന്ന അനുജത്തിയെയാണ് കൊവിഡെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam