
പത്തനംതിട്ട: കൂലി വേലയ്ക്ക് പോയി കഷ്ടപ്പെട്ട് സമ്പാദിച്ച പണം പലപ്പോഴായി പത്തനംതിട്ട പുല്ലാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച് എല്ലാം നഷ്ടമായതിന്‍റെ വേദനയിലാണ് വത്സല. സ്വന്തമായി വീട്, ചികിത്സ അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ഇന്ന് എല്ലാം നഷ്ടമായി തകര ഷീറ്റ് കൊണ്ട് മേഞ്ഞ ഷെഡ്ഡിൽ ജീവിതം കഴിച്ചുകൂട്ടുകയാണ് പുല്ലാട് സ്വദേശി വത്സലയും കുടുംബവും.
പുല്ലാടും പരിസര പ്രദേശത്തുമുള്ള നിരവധി സാധാരണക്കാരായ ആളുകളുടെ നിക്ഷേപം സഹകരണ ബാങ്കിലുണ്ട്. പണം വെള്ളത്തിലായെന്ന് മാത്രമല്ല ബാങ്ക് തുറക്കുന്നത് പോലും വല്ലപ്പോഴുമാണ്.
പ്രായാധിക്യവും അസുഖവും വത്സലയെ വല്ലാതെ തളർത്തി. ആരോഗ്യമുള്ള കാലത്ത് കൂലിവേല ചെയ്ത് സമ്പാദിച്ച പണം തൊട്ടടുത്തുള്ള പുല്ലാട് സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. അടച്ചുറപ്പുള്ള വീട്, ചികിത്സ, മകന്‍റെ വിവാഹം അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. 1998 മുതൽ ചെറുതും വലുതുമായ തുക ബാങ്കിൽ നിക്ഷേപിച്ചു. അഞ്ച് വർഷമായി ഈ പണം ചോദിച്ച് ബാങ്കിൽ കയറി ഇറങ്ങി മടുത്തുവെന്ന് വത്സല പറയുന്നു.
"ഒത്തിരി കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ. ആരും തന്നതല്ല. എരിപൊരി വെയിലത്തു കിടന്ന് കഷ്ടപ്പെട്ടതാ. ഇപ്പോ ഞാന്‍ അസുഖക്കാരിയാണ്. എനിക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. പണം തിരികെ ചോദിച്ചപ്പോള്‍ നിങ്ങളെന്താ ചാവാന്‍ കിടക്കുകയാണോ എന്ന് സെക്രട്ടറി വഴക്ക് പറഞ്ഞു. അവര് പണം തരുന്നില്ല. ചെല്ലുന്നത് അവര്‍ക്ക് മുഷിവ് പോലെയാ. നമ്മള് പാവപ്പെട്ടവരായതുകൊണ്ട് തള്ളിക്കളയുവാ"- വത്സല പറഞ്ഞു.
പലിശ കൂടി ചേർക്കുമ്പോൾ 20 ലക്ഷത്തിലധികം രൂപ വത്സലയുടെ കുടുംബത്തിന് കിട്ടാനുണ്ട്. ഉണ്ടായിരുന്ന വീട് മരം വീണ് തകർന്നു. അന്ന് മുതൽ ഷെഡ്ഡിലാണ് താമസം. സഹകരണ മന്ത്രിക്ക് ഉൾപ്പെടെ പലവട്ടം പരാതി നൽകിയതാണ്. ഒന്നും നടന്നില്ല. ക്രമക്കേട് നടത്തിയ ബാങ്ക് സെക്രട്ടറി സസ്പെൻഷനിലാണ്. നാല് വർഷമായി ഭരണ സമിതിയില്ല. കെടുകാര്യസ്ഥതയ്ക്ക് ഒരു കോടിക്ക് രൂപയ്ക്ക് മേൽ ബാധ്യതയുള്ള ബാങ്കിപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam