തിരുവനന്തപുരം: തിരുവനന്തപുരം അയിരൂപ്പാറയിൽ വീട്ടിൽ കുഞ്ഞിനൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. അയിരൂപ്പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കിയത്. കോടതി നിർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമെന്നാണ് പരാതി. ഇവരുടെ ഭർത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കാൻ പൊലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഷംന, ആറ് വയസായ മകൻ, ഇവരുടെ രോഗികളായ മാതാപിതാക്കൾ എന്നിവരാണ് അയിരൂപ്പാറയിലെ മരുതും മൂട്ടിലുള്ള വീട്ടിൽ താമസിക്കുന്നത്. ഷാഫിയുടെ പേരിലായിരുന്നു ആദ്യം ഈ വീട്. ഒന്നര വർഷം മുമ്പ് ഷാഫി മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ ഷംനയുമായി ബന്ധം നിലനിൽക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്. ശേഷം ഷാഫി തന്റെ അമ്മയുടേ പേരിലേക്ക് ഈ വീടും വസ്തുവും മാറ്റി. ഇതിന് പിന്നാലെ ഷംന ഇവിടെ അനധികൃതമായാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്നും ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള അനുകൂലമായ വിധിയും നേടി.
തുടർന്ന് താനുമായുള്ള ബന്ധം നിലനിൽക്കെ ഷാഫി മറ്റൊരു വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ഷംന കുടുംബ കോടതിയിൽ പരാതി നൽകി. ഇതിൽ തനിക്ക് 14 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവുണ്ടെന്നാണ് ഷംന പറയുന്നത്. ഈ തുക നൽകാൻ ഷാഫിയും കുടുംബവും തയ്യാറായിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു. നേരത്തെ പോത്തൻകോട് പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ഷാഫി സമ്മതിച്ചുവെന്നും ഷംന പറയുന്നു. എന്നാൽ ഇതുവരെയും തനിക്ക് ഒരു പൈസ പോലും നഷ്ട പരിഹാരവും കിട്ടിയിട്ടില്ലെന്നും അവർ പറയുന്നു.
നേരത്തെയും ഷംനയെ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് നാട്ടുകാർ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഇതോടെയാണ് ഷംനയും കുടുംബാംഗങ്ങളും വീടിനകത്ത് കയറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രദേശത്ത് ഫയർഫോഴ്സും കൗൺസിലർ അടക്കമുള്ള അധികാരികളും എത്തിയിട്ടുണ്ട്.
ഷംനയെ യാതൊരു കാരണവശാലും വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോടതി ഉത്തരവ് പ്രകാരം തന്നെ വീട്ടിൽ നിന്നും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നോട്ടീസോ മറ്റുള്ള കാര്യങ്ങളോ അറിഞ്ഞിട്ടില്ലെന്നും ഷംന പറയുന്നു. കുടുംബകോടതി അനുവദിച്ച പതിനാല് ലക്ഷം രൂപ നൽകാതെ തന്നെ എങ്ങനെയാണ് വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സാധിക്കുന്നതെന്നും ഷംന ചോദിക്കുന്നു.
അതേസമയം, ഷംനയെ വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പൊലീസ് പിന്മാറിയെന്നാണ് വിവരം.
ഷംനയുടെ വാക്കുകൾ..
'ഞാൻ ഇവിടെ താമസമായിട്ട് അഞ്ച് വർഷമായി. ഭർത്താവിന്റെ അമ്മ ഈ വീട്ടിലല്ല താമസിക്കുന്നത്. ഞാൻ അമ്മായി അമ്മയെ ഉപദ്രവിക്കുന്നുവെന്നും അതുകൊണ്ട് എന്നെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ അതിന്റെ നോട്ടീസെന്നും കിട്ടാതെ ഒരു ഓർഡർ കൊണ്ടുവന്ന് പോത്തൻകോട് സിഎയും എസ്ഐയും എന്നെ കർശനമായിട്ടും ഇറക്കുമെന്ന് പറയുന്നു.
ഞാൻ ആറ്റിങ്ങൽ കുടുംബകോടതിയിൽ നിന്ന് ഇഞ്ചങ്ഷൻ ഓർഡർ വാങ്ങിയാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്. നെടുമങ്ങാട് കുടുംബകോടതിയൽ നിന്ന് പതിമൂന്ന് ലക്ഷം രൂപ നഷ്ടപരിഹാര കേസ് എന്ന് പറഞ്ഞ് വിധി വന്നിട്ടുണ്ട്. അതിൽ ഭർത്താവിന്റെ അമ്മയും ചേർന്ന് തുക നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ തുക നൽകാൻ ഭർത്താവോ അമ്മായി അമ്മയോ തയ്യാറായിട്ടില്ല.
വീട്ടിൽ നിന്നും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു വിവരവും എനിക്ക് ലഭിച്ചിട്ടില്ല. ഷാഫി ആദ്യം ഒരു വിവാഹം കഴിച്ചു. അവരെ നിയമപരമായി ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് എന്നെ വിവാഹം കഴിച്ചത്. എന്റെ ബന്ധം നിലനിൽക്കെ മൂന്നാമത് തൃശ്ശൂർ സ്വദേശിയായ ഷെമി എന്ന യുവതിയെ വിവാഹം കഴിച്ചു. ഇതിനെതിരെ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിട്ടുള്ളതാണ്. എനിക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും അവർ നൽകുന്നില്ല', ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam