Hema Committee Report : 'ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സമഗ്ര നിയമം വേണം', മന്ത്രി രാജീവിനെ കണ്ട് WCC

Published : Jan 21, 2022, 05:51 PM ISTUpdated : Jan 21, 2022, 06:09 PM IST
Hema Committee Report : 'ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സമഗ്ര നിയമം വേണം', മന്ത്രി രാജീവിനെ കണ്ട് WCC

Synopsis

'ഹേമ കമ്മിറ്റി റിപ്പോർട്ട് നിലവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സമിതി പഠിച്ച് വരികയാണ്. ഈ റിപ്പോർട്ട് കൂടി കിട്ടിയ ശേഷം സമഗ്ര നിയമനിർമാണം ആലോചിക്കുകയാണ്', നിയമമന്ത്രി പി രാജീവ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 

കൊച്ചി: സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പഠിച്ച് സമർപ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമഗ്രനിയമനിർമാണം വേണമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യം നിയമമന്ത്രി പി രാജീവിനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗസമിതി പഠിച്ച് വരികയാണെന്നും, ഇത് കൂടി കിട്ടിയ ശേഷം എല്ലാം പരിഗണിച്ച് സമഗ്രനിയമനിർമാണം നടത്തുന്നത് ആലോചിച്ചുവരികയാണെന്നും മന്ത്രി ഡബ്ല്യുസിസി അംഗങ്ങളെ അറിയിച്ചു. 

പുതിയ നിയമനിർമ്മാണത്തിന് മുമ്പ്, തങ്ങളുമായി ചർച്ച നടത്തണമെന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ നിർദ്ദേശങ്ങളും കണ്ടെത്തലുകളും സംബന്ധിച്ച് നിർദ്ദേശം അറിയിക്കാൻ വേണ്ടിയാണിത്. ചർച്ച തീർച്ചയായും നടത്തുമെന്ന് മന്ത്രി ഡബ്ല്യുസിസി അംഗങ്ങൾക്ക് ഉറപ്പ് നൽകി. 

ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട്ട് ചര്‍ച്ച നടത്തിയിരുന്നു.എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ചതല്ല ഹേമ കമ്മിറ്റിയെന്നും അതിനാൽ, റിപ്പോർട്ടിന്‍റെ കണ്ടെത്തലുകൾ പുറത്തുവിടാൻ കഴിയില്ലെന്നുമായിരുന്നു പി സതീദേവിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് നിയമമന്ത്രി പി രാജീവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയത്. 

രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോ‍ർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്ക്കാൻ ബാധ്യതയില്ലെന്നുമുള്ള സാങ്കേതികന്യായമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു. 

എന്താണ് കമ്മീഷനും കമ്മിറ്റിയും തമ്മിൽ വ്യത്യാസം?

കമ്മീഷൻ അന്വേഷണമെന്നും കമ്മിറ്റി അന്വേഷണമെന്നും പല തവണ നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാലിവ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്. 1952-ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് ഒരു വിഷയത്തിലെ അന്വേഷണത്തിനായി പ്രത്യേക കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നത്. ഈ കമ്മീഷനിൽ ഒരംഗമാകാം. ഒന്നിലധികം അംഗങ്ങളുണ്ടാകാം. ഈ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചിത കാലയളവും ഉണ്ടാകും. അന്വേഷണ വിഷയങ്ങളുടെ ടേംസ് ഓഫ് റഫറൻസും അംഗങ്ങളുടെ പേരും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കും. റിപ്പോർട്ട് സമർപ്പിച്ച് ആറ് മാസത്തിനുള്ളിൽ, കേന്ദ്ര സർക്കാർ ആണെങ്കിൽ പാ‍ർലമെന്‍റിലും സംസ്ഥാന സർക്കാരാണെങ്കിൽ നിയമസഭയിലും റിപ്പോർട്ട് മേശപ്പുറത്ത് വെക്കണമെന്നാണ് ചട്ടം.

പക്ഷേ, ഒരു പാത്ത് ഫൈൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്, കമ്മീഷൻ റിപ്പോർട്ട് പോലെ നിയമസഭയിൽ വെക്കേണ്ട നിയമബാധ്യത സർക്കാരുകൾക്കില്ല. എസ്ആർഒ അഥവാ സ്റ്റാറ്റ്യൂട്ടറി റൂൾസ് ആന്‍റ് ഓർഡർ പ്രകാരമാണ് ഒരു വിഷയത്തിലെ അന്വേഷണത്തിനായ കമ്മിറ്റി ഉണ്ടാക്കുക. ഇതിനായി ഒരു എക്സിക്യൂട്ടീവ് ഓ‌ർഡർ ഇറക്കിയാൽ മതി. കമ്മിറ്റി അന്വേഷണത്തിനും കാലാവധി ഉണ്ടാകും. 

പക്ഷേ ആവശ്യമെങ്കിൽ ഈ കാലാവധി സർക്കാറിന് നീട്ടിക്കൊടുക്കാം. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധകമ്മിറ്റിയുടെ തലപ്പത്ത് റിട്ടയേർഡ് ജസ്റ്റിസ് ആയത് കൊണ്ട് കൂടിയായിരുന്നു കമ്മീഷൻ എന്ന് ഇതുവരെ ഉപയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ടെങ്കിലും പൊതുതാല്പര്യപ്രകാരം സർക്കാരിന് വേണമെങ്കിൽ സഭയിൽ വെക്കുന്നതിൽ തെറ്റില്ല. സഭയിൽ വെക്കാതെ റിപ്പോർട്ടിന്മേൽ തുടർനടപടികൾ എടുക്കുകയും ചെയ്യാം. 

ഇവിടെ ഹേമ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും നൽകാത്തതിന് പല കാരണങ്ങളാണ് സർക്കാർ നിരത്തുന്നത്. മൊഴി നൽകിയ പലരുടെയും സുരക്ഷ മുൻനിർത്തി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ഒന്നാമത്തെ വാദം. വിശ്വാസ്യതയോടെ ലഭിക്കുന്ന ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാമെന്ന ആർടിഐ നിയമം സെക്ഷൻ എട്ടിന്‍റെ പരിധിയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടുമെന്നാണ് സർക്കാറിന്‍റെ വിശദീകരണം. എന്തായാലും കമ്മിറ്റി - കമ്മീഷൻ എന്നീ സാങ്കേതിക പദങ്ങൾക്കപ്പുറം സർക്കാറിന്‍റെ ഉദ്ദേശലക്ഷ്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ രാജ്യത്ത് ആദ്യമായാണ് ഒരു കമ്മിറ്റി ഉണ്ടാക്കിയത്. റിപ്പോർട്ട് നൽകി രണ്ട് വർഷമായിട്ടും ആ റിപ്പോർട്ട് വീണ്ടും പഠിക്കാൻ സമിതിയെ വെച്ച സർക്കാർ നടപടി എന്തൊക്കെയോ ഒളിക്കണമെന്ന ലക്ഷ്യം വെച്ചാണെന്ന വിമർശനമാണ് ശക്തമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ