'രാത്രി സമരത്തിന് സ്ത്രീകൾ വേണ്ട'; വനിതാലീഗ് നേതാവ് നൂർബിനാ റഷീദിന്‍റെ ശബ്ദ രേഖ വിവാദത്തിൽ

By Web TeamFirst Published Mar 6, 2020, 1:42 PM IST
Highlights

ആറ് മണിക്ക് ശേഷം സ്ത്രീപങ്കാളിത്തം വേണ്ടെന്ന നിലപാട് വനിതാലീഗ് നേതാക്കളെ വാട്സ്ആപ്പിലൂടെ അറിയിച്ച നൂര്‍ബിന റഷീദിന്‍റെ നടപടിയാണ് വിവാദത്തിലായത്. 96 മുതൽ തന്നെ ഇത്തരമൊരു നിലപാട് പാർട്ടിക്കുണ്ടെന്നാണ് നൂർബിനയുടെ വിശദീകരണം.

കോഴിക്കോട്: ആറ് മണിക്ക് ശേഷം സ്ത്രീകൾ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്ന വനിതാലീഗ് ദേശീയ സെക്രട്ടറി  നൂർബിനാ റഷീദിന്‍റെ പ്രസ്താവനയെച്ചൊല്ലി സംഘടനയിൽ തർക്കം. വനിതാലീഗിലെ മാത്രമല്ല എംഎസ്എഫിലെയും യൂത്ത് ലീഗിലെയും വനിതാ അംഗങ്ങൾ ഷഹീബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളിൽ സജീവമായിതിന് പിന്നാലെയാണ് നൂർബിന റഷീദ് വാട്സാപ്പിൽ ശബ്ദ സന്ദേശം നൽകിയത്. ഇത് പ്രതിഷേധസൂചകമായി ചില അംഗങ്ങൾ പ്രചരിപ്പിച്ചതോടെയാണ് വിവാദം തുടങ്ങിയത്. 

വിവാദം കനത്തതോടെ 1996 മുതൽ തന്നെ ഇത്തരമൊരു നിലപാട് പാർട്ടിക്കുണ്ടെന്നാണ് നൂർബിനയുടെ വിശദീകരണം. പരസ്യപ്രതികരണത്തിനില്ലെങ്കിലും നൂർബിനയുടെ പ്രസ്താവനയോടെ വിയോജിക്കുന്നതായി യൂത്ത് ലീഗിലെയും എംഎസ്എഫിലെയും വനിതാ നേതാക്കൾ പറഞ്ഞു.

കോഴിക്കോട്ടേത് അടക്കമുള്ള സമരങ്ങളിൽ രാത്രി പത്ത് വരെ സ്ത്രീകൾ പങ്കെടുത്തിരുന്നു. ആറ് മണിക്ക് ശേഷം പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് പാർട്ടിക്കില്ലെന്നും വനിതാ നേതാക്കൾ വ്യക്തമാക്കുന്നു. നൂർബിനയുടെ നിലപാട് സമരങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവിൽ യൂത്ത് ലിഗും ലീഗും സംസ്ഥാനത്ത് പലയിടത്തും ഷഹീൻ ബാഗ് മാതൃകയിൽ രാപ്പകൽ സമരങ്ങൾ നടത്തുന്നുണ്ട്. 

click me!