ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും

By Web TeamFirst Published Oct 9, 2021, 6:44 PM IST
Highlights

ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. വിശദമായ പരാതി   എഴുതി തയാറാക്കി  വരാൻ വനിത കമ്മിഷൻ പരാതിക്കാർക്ക് നിർദേശം നൽകി

തിരുവനന്തപുരം: ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. വിശദമായ പരാതി   എഴുതി തയാറാക്കി  വരാൻ വനിത കമ്മിഷൻ പരാതിക്കാർക്ക് നിർദേശം നൽകി. ഹരിത സംസ്ഥാന കമ്മിറ്റി മുൻ ഭാരവാഹികളായ 10 പേരാണ് പരാതിക്കാർ. ഹരിത ഭാരവാഹികളുമായി വരുന്ന തിങ്കളാഴ്ച സിറ്റിംഗ് നടത്തുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്ക വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ്  വനിതാ കമ്മീഷന്  ഹരിത നല്‍കിയ പരാതി. ഇത് പിന്‍വലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത.   സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

തുടർന്ന് ഹരിത പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ട പത്തോളം നേതാക്കളുടെ പരാതിയാണ് വനിതാ കമ്മീഷൻ പരിഗണിക്കുന്നത്. വനിത കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം വെളളയില്‍ പൊലീസ് ഹരിതയുടെ പരാതിയില്‍ അന്വേഷണം  നടത്തിയിരുന്നു. ഇതിനിടെയാണ് പരാതി വിശദമായി തയ്യാറാക്കി എഴുതി നൽകാൻ വനിതാ കമ്മീഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

click me!