പ്രളയ പുനര്‍നിര്‍മാണത്തിന് കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം

By Web TeamFirst Published Jun 28, 2019, 9:42 PM IST
Highlights

സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. 30 വർഷത്തേക്കാണ് വായ്പ.

തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ ആദ്യഗഡു ധനസഹായം അനുവദിച്ചു. 1750 കോടിയുടെ വായ്പയാണ് അനുവദിച്ചത്. സംസ്ഥാനസർക്കാരും ലോകബാങ്ക് പ്രതിനിധികളും ദില്ലിയില്‍ ധാരണാപത്രത്തിൽ ഒപ്പിട്ടു.

ലോകബാങ്കിന്റെ 'ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാ'മിലൂടെയാണ്   കേരള പുനർനിർമ്മാണത്തിനായി ധനസഹായം അനുവദിച്ചത്. സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. 30 വർഷത്തേക്കാണ് വായ്പ. 1200 കോടി രൂപ ഒന്നര ശതമാനം പലിശക്ക് നൽകും. ബാക്കി തുകയ്ക്ക് 5 ശതമാനം പലിശ നൽകണം.  

കേന്ദ്ര സർക്കാരിന് വേണ്ടി സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെയും കേരളത്തിന് വേണ്ടി ധനകാര്യ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്കിന് വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദുമാണ് കരാറിൽ ഒപ്പുവച്ചത്.

റോഡ്, ജലസേചന, കാർഷിക മേഖലകളിലായിരിക്കും ഈ തുക വിനിയോഗിക്കുക. പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറാകുന്നതേയുളളൂ. കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗമാണ് കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തത്. 5000 കോടി അനുവദിക്കാനാണ്  തത്വത്തിൽ ധാരണയായിട്ടുളളത്.

click me!