
തിരുവനന്തപുരം: കുമ്മനം രാജശേഖരന് രാഷ്ട്രീയ സ്നേഹ ചുംബനം നല്‍കിയ എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കുമ്മനം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനാണ് ജോര്‍ജ് ഓണക്കൂര്‍ എത്തിയത്. സെക്രട്ടറിയേറ്റ് പടിക്കലാണ് കുമ്മനം ഉപവാസ സമരം സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് സിഎസ് ചന്ദ്രിക നിലപാട് വ്യക്തമാക്കിയത്.
ഗുജറാത്ത് വംശഹത്യയുടെ ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍ എഴുത്തുകാരന് കഴിയുന്നതെങ്ങനെയെവന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമ പരമ്പരകളെക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ ജോര്‍ജ് ഓണക്കൂര്‍ അവരുടെ കൂടെ നില്‍ക്കില്ലായിരുന്നെന്നും ചന്ദ്രിക വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിക്കുന്ന മലയാള ഭാഷ സായാഹ്ന പരിപാടിയിലേക്കാണ് സംഘാടകര്‍ ഇരുവരെയും ക്ഷണിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രസ്താവന
ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോർജ് ഓണക്കൂറും ഈ പരിപാടിയിൽ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറിൽ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പത്രവാർത്ത കണ്ടതോടെ, കുമ്മനത്തിന്‍റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്‍റെ കൂടെ വേദി പങ്കിടാൻ ഇന്ന് ഞാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത്ര കാലവും ഡോ. ജോർജ് ഓണക്കൂറിനോട് സ്നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെന്‍റെ കടുത്ത തീരുമാനം.വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാൻ, പ്രപഞ്ച മാനവ സ്നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് കഴിയുന്നതെങ്ങനെ! ബി ജെ പി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഡോ. ജോർജ് ഓണക്കൂർ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരൻ സ്നേഹപൂർവം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു, ഞാൻ അതീവ നടുക്കത്തിലും ദു:ഖത്തിലും രോഷത്തിലുമാണ് ഈ വരികൾ കുറിക്കുന്നത്.
സി.എസ്. ചന്ദ്രിക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam