ലോകം തരൂരിൻ്റെ വാക്കുകൾക്കായി കാതോർക്കുന്നു: പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ തരൂരിനെ പിന്തുണച്ച് യുവനേതാക്കൾ

By Web TeamFirst Published Nov 27, 2022, 2:56 PM IST
Highlights

തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡാൻ പറഞ്ഞു.

ലോകം തരൂരിൻ്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ഗ്ലോബൽ കമ്യൂണിറ്റി പറയുന്നത് ശശി തരൂരിനെയാണ്. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. തരൂരിൻ്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം.. തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡാൻ പറഞ്ഞു.

നെഹ്റുവിനെക്കുറിച്ചും അംബേദ്കറെക്കുറിച്ചും പുസ്തകം എഴുതിയ ഏക കോൺഗ്രസുകാരനാണ് ശശി തരൂരെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥ് പറഞ്ഞു. ഈ പാർട്ടിയെ തരൂരിനെ നന്നായി അറിയാം, അത് ജനത്തിനുമറിയാമെന്നും ശബരി കൂട്ടിച്ചേർത്തു. 

ഫുട് ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെങ്കിലും കളി ജയിക്കാൻ ഗോളി കൂടി നന്നാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മാറ്റങ്ങൾ ഉൾക്കാെണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം, ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. 

അതേസമയം പ്രൊഫഷണൽ കോണ്‍ഗ്രസ് കോണ്‍ക്ലേവിൽ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചാണ് ശശി തരൂര്‍ സംസാരിച്ചത്. സംസ്ഥാനം കടുത്ത കടത്തിലാണ്. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. രാഷ്ട്രീയത്തിൽ പ്രൊഫഷണൽസിനെ ആവശ്യമുള്ള കാലമാണിതെന്നും തരൂർ പറഞ്ഞു.

മാറുന്ന കാലത്തെ രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ലോക വീക്ഷണം ആവശ്യമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. പ്രൊഫഷണൽ കോണ്‍ഗ്രസിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടാകും. പ്രൊഫഷണൽ കോൺഗ്രസ് പാർട്ടിയുടെ ഭൗതിക ശക്തിയെന്നും സംഘടനയുടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വൈകീട്ടാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.

click me!