
കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. മെഡിക്കൽ കോളേജിൽ പരിശോധന തുടരുകയാണ്.
പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. പൊലീസ് വന്നപ്പോൾ എംഡിഎംഎ വിഴുങ്ങി എന്നാണ് ഫായിസ് ഇന്നലെ പറഞ്ഞത്. ഇത് മയക്കുമരുന്ന് തന്നെയാണോ എന്നും ഉറപ്പായിട്ടില്ല. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
താമരശ്ശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കൽ കോളേജിലേക്ക് മാറ്റി
കഴിഞ്ഞ ദിവസമാണ് സമാനമായ രീതിയിലുള്ള മറ്റൊരു സംഭവവും താമരശ്ശേരിയിലുണ്ടായി. താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.
ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായതും മരണത്തിന് കീഴടങ്ങിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam