
പാലക്കാട്: പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
മുണ്ടൂർ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറി. പുറത്തിറങ്ങിയപ്പോൾ ഇവർ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതിൽ വ്യക്തതയില്ല.
റഫീക്ക് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 2018ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. ഇതേ വർഷം കഞ്ചാവു കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും കേസുകളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പതിനഞ്ചോളം പേർ റഫീക്ക് അടിയേറ്റ് വീഴുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി നൽകുന്ന വിവരം. ഇയാൾ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് എത്തിയ ശേഷം കൂടി നിന്നവരും പൊലീസുദ്യോഗസ്ഥരും ചേർന്നാണ് റഫീക്കിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam