
തിരുവനന്തപുരം: കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും
പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, യൂത്ത്ത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ നാല് പേർ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളിൽ നിന്നാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മത്സരിച്ചത്.
കേസില്‍ കസ്റ്റഡിയിലുള്ള അബി വിക്രം, ബിനില്‍ ബിനു, ഫെന്നി, അടൂർ സ്വദേശി വികാസ് കൃഷ്ണ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്നാണ് സംശയം. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ലാപ്ടോപ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam