
തിരുവനന്തപുരം: ഇവിഎം അട്ടിമറി ആരോപണത്തില്‍ കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് ആണ് പരാതി നൽകിയത്. വോട്ടിങ് മെഷീൻ തിരിമറി നടത്താമെന്ന് അവകാശപ്പെട്ടു ആളെത്തി എന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തൽ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. മങ്കടയില്‍ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കായി ഒരു സംഘം സമീപിച്ചുവെന്ന കാര്യം ജനപ്രതിനിധിയായിരുന്ന ജലീല്‍ മറച്ചുവെച്ചത് നിയമപ്രകാരം തെറ്റാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാല്‍ അന്വേഷണം അനിവാര്യമാണെന്നും തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും വി.പി ദുല്‍ഫിഖ് ആവശ്യപ്പെട്ടു. അതേസമയം വോട്ട് അട്ടിമറി നടന്നുവെന്നല്ല, മറിച്ച് അത്തരത്തിലൊരു തിരിമറിക്ക് സാധ്യതയുണ്ടെന്നാണ് സൂചിപ്പിച്ചതെന്നുമാണ് കെടി ജലീൽ പറയുന്നത്. കാസര്‍കോട് ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍ മുമ്പ് നടത്തിയ പ്രസ്താവനയാണ് തനിക്കുള്ളില്‍ സംശയമുണ്ടാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് അട്ടിമറി ആരോപിച്ചതെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ നിലവിലുള്ള വിവരങ്ങള്‍ മൊഴിയായി നല്‍കാന്‍ തയ്യാറാണെന്നും ജലീൽ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam