Dheeraj Murder : ധീരജ് കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍, പിടിയിലായത് യൂത്ത്കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി

By Web TeamFirst Published Jan 19, 2022, 7:52 AM IST
Highlights

കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ്  ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ്മോന്‍.

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ(SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍  (Dheeraj murder case) ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ് (Youth Congress) ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി.

ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  അതേസമയം ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യൂത്ത് കോണ്‍ഗ്രസ്-, കെഎസ്‌യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.

കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. ഒരു തവണ നിഖിലിനെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ  മാസം 22  വരെയും 3,4,5 പ്രതികളായ ജിതിൻ, ടോണി, നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് ഇടുക്കി ജില്ല കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയിരിക്കുന്നത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തില്‍ എട്ടു പേരാണുള്ളത്. 

click me!