ഇ പി ക്കെതിരായ വധശ്രമകേസ്: വീണ്ടും പോലീസ് നോട്ടീസ്, ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

By Web TeamFirst Published Jul 29, 2022, 10:46 AM IST
Highlights

നിയമോപദേശം തേടി തീരുമാനമെടുക്കാമെന്ന് പൊലിസ് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ഫർസിൻ മജിദ്.തിരുവനന്തപുരത്തേക്ക് പോകരുതെന്നാണ് നിയമോപദേശമെന്നും വിശദീകരണം

തിരുവനന്തപുരം; എൽ ഡി എഫ് കൺവീനർ(ldf convenor) ഇ പി ജയരാജനെതിരായ(ep jayarajan) വധശ്രമക്കേസിൽ (attempt to murder)മൊഴി നൽകാൻ ഹാജരാകാൻ യൂത്ത് കോൺഗ്രസ് (youth congress)പ്രവർത്തകർക്ക് വീണ്ടും നോട്ടീസ് നൽകി പൊലീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാല്‍ ഹാജരാകാൻ ആകില്ലെന്ന് ഫർസിൻ മജിദ് പോലീസിനെ അറിയിച്ചു.നിയമോപദേശം തേടി തീരുമാനമെടുക്കാമെന്ന് പൊലിസ് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ഫർ സിൻ മജിദ് വ്യക്തമക്കി.തിരുവനന്തപുരത്തേക്ക് പോകരുതെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹാജരായിരുന്നില്ല.ഹൈക്കോടതി ജാമ്യ വ്യവസ്ഥ ചൂണ്ടികാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹാജരാകാതിരുന്നത്.

മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദിനും നവീൻ കുമാറിനുമാണ് മൊഴി നൽകാൻ ഹാജരാകാൻ തിരുവനന്തപുരം വലിയതുറ പൊലീസ് നോട്ടീസ് നൽകിയത്.മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ഈ ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് കഴിഞ്ഞ തവണ നോട്ടീസ് നൽകിയപ്പോൾ ഇവർ നൽകിയ മറുപടി

ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവർക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർ‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ്  ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.
 

click me!