
കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ് കോറോസ് പറഞ്ഞു. അബിൻ വർക്കി മികച്ച നേതാവാണ്. കേരളത്തിൽ നിറഞ്ഞ് നിൽക്കണമെന്നും ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. അബിൻ വർക്കിയെ പിന്തുണച്ച് കൊണ്ടാണ് കോട്ടയം ഭദ്രാസനാധിപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
അബിനെ തഴഞ്ഞത് ശരിയായില്ല. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓർത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. ഇരുവരും പരസ്യപ്രതികരണങ്ങളും നടത്തിയിരുന്നു. കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടു നിന്നിരുന്നു. താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ. മുരളീധരനും അതൃപ്തിയുണ്ട്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.
കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് തുറന്നടിച്ചതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയിൽ ചാണ്ടിയില്ല. നിര്‍ദ്ദേശിച്ച പേരുകളും പരിഗണിച്ചില്ല. പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധം പ്രകടമാക്കി.
റാന്നിയിലെ പരിപാടി ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പ്രധാന നേതാക്കള്‍ അടക്കം തനിക്കെതിരെ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മൻ കരുതുന്നത്. നിര്‍ദ്ദേശിച്ച കെഎം ഹാരിസിനെ ഭാരാവാഹിയാക്കിയില്ല. അനുയായി ആയ മര്യാപുരം ശ്രീകുമാറിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തൃശ്ശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ രാജിവച്ച ജോസ് വള്ളൂരിനെ ഭാരവാഹിയാക്കി. ഇതാണ് കെ മുരളീധരന്‍റെ കടുത്ത അതൃപ്തിക്ക് കാരണം. അനുനയ ചര്‍ച്ച നേതൃത്വം തുടങ്ങിയതോടെ അദ്ദേഹം പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ല.
കെപിസിസി സെക്രട്ടറിമാരുടെയും 8 ഡിസിസികളിൽ പുതിയ പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍ അടക്കം നീണ്ട നിര സെക്രട്ടറി പദം പ്രതീക്ഷിക്കുമ്പോഴാണ് പട്ടിക വരാത്തതിൽ വിഷമമുണ്ടെന്ന വിഡി സതീശന്‍റെ പ്രതികരണം. ഈ മാസം 30നകം പുതിയ ഡിസിസി പ്രസിഡന്‍റുമാരെയും തീരുമാനിക്കാമെന്നാണ് നേതൃതലത്തിൽ ഇപ്പോഴത്തെ ധാരണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam