ആവശ്യം പിണറായിയുടെ രാജി; 'നട്ടുച്ചപ്പന്തം' പ്രതിഷേധവുമായി യൂത്ത് ലീഗ്

By Web TeamFirst Published Apr 18, 2020, 10:20 PM IST
Highlights

അഞ്ച് പേരാണ് പരിപാടിയിൽ പങ്കെടുക്കുക. ഒരാൾ പന്തം പിടിക്കണം. മറ്റു നാലു പേർ ഇരു ഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കണം എന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

മലപ്പുറം: സ്പ്രിംക്ലര്‍ വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാന്‍ യൂത്ത് ലീഗ്. ഏപ്രിൽ 20 തിങ്കളാഴ്ച നട്ടുച്ചപ്പന്തം എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ച് പേരാണ് പരിപാടിയിൽ പങ്കെടുക്കുക. ഒരാൾ പന്തം പിടിക്കണം. മറ്റു നാലു പേർ ഇരു ഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കണം എന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

 'ഒറ്റുകാരൻ പിണറായി വിജയൻ രാജി വെക്കുക' , 'സ്പ്രിംഗ്ളർ അഴിമതി അന്വേഷിക്കുക', എന്ന് പ്ലക്കാർഡിൽ എഴുതി ഉയര്‍ത്തി പിടിച്ചാകും പ്രതിഷേധം. 12.30 വരെ മുദ്രാവാക്യം വിളിക്കുകയും ശേഷം സമരം അവസാനിപ്പിക്കുകയും ചെയ്യുമെന്നും യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. നേരത്തെ,  കൊവിഡ് കാലത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്‍റെ മനസാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കോഴിക്കോട്ട് ആരോപിച്ചിരുന്നു.

കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആണെന്നും പി കെ ഫിറോസ് പറഞ്ഞു. എക്സാലോജിക്ക് എന്ന കമ്പനിയുടെ ഡയറക്ടർ വീണയാണ്. സ്പ്രിംക്ലര്‍ കമ്പനിയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നു. ഡാറ്റാ ക്രോഡീകരണ കരാര്‍ സ്പ്രിംക്ലര്‍ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വൈബ്സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണ്. ഇതിന് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!