പ്രണയ നൈരാശ്യത്തെ തുടർന്ന് ആക്രമണം: വയനാട്ടിൽ വിദ്യാർത്ഥിനിക്ക് മുഖത്ത് കുത്തേറ്റു

Published : Nov 22, 2021, 07:01 PM ISTUpdated : Nov 22, 2021, 07:15 PM IST
പ്രണയ നൈരാശ്യത്തെ തുടർന്ന് ആക്രമണം: വയനാട്ടിൽ വിദ്യാർത്ഥിനിക്ക് മുഖത്ത് കുത്തേറ്റു

Synopsis

ലക്കിടി കോളേജിലെ വിദ്യാർത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. പാലക്കാട് സ്വദേശിയായ പ്രതി പൊലീസ് കസ്റ്റഡിയിലാണ്

വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതാണ് ഇന്ന് നടന്ന അക്രമ സംഭവം. പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമാണെന്നാണ് വിവരം. വയനാട് ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ  വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്.

പുൽപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിയെയാണ് കത്തി ഉപയോഗിച്ച് മുഖത്ത് മുറിവേൽപ്പിച്ചത്. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിനി വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലക്കിടി കോളേജിന് സമീപത്തേക്ക് ദീപുവെത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ഇയാളെ അടിവാരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നത്. ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തുക്കൾക്കൊപ്പമാണ് വിദ്യാർത്ഥിനിയുണ്ടായത്. പെൺകുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ദീപുവും പെൺകുട്ടിയും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകനാണ് ദീപു.

പ്രണയത്തിന്റെ പേരിലെ ആസിഡ് ആക്രമണം

രണ്ട് ദിവസം മുൻപാണ് സമാനമായ ആക്രമണം ഇടുക്കി അടിമാലിയിൽ ഉണ്ടായത്. യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചായിരുന്നു പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പക യുവതി തീർത്തത്. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ (Acid Attack) തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ഷീബയുടെ മുഖത്തും ആസിഡ് വീണ് പൊള്ളലേറ്റു. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും, അടിമാലി സ്വദേശി ഷീബയും സാമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്സായി വരെ ജോലി നോക്കിയിരുന്നു. 

യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ അരുണ്‍ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായി. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കാറിലായിരുന്നു അരുണ്‍ അടിമാലിയിൽ എത്തിയത്. സുഹൃത്തുക്കൾ ഇയാളെ എറണാകുളത്തെ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ആക്രമണത്തിൽ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. മുഖത്ത് സാരമായ പൊള്ളലുണ്ട്. സംഭവശേഷം ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു യുവതി. ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി