
പാലക്കാട്: യുവമോർച്ചയുടെ തിരംഗ് യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ചതായി പരാതി. ദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. കുറ്റക്കാർക്കെതിരെ അടിയന്തിര നിയമനടപടികൾ സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇന്നലെ പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷൻ മുതൽ കോട്ടമൈതാനം വരെയായിരുന്നു യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരംഗ് യാത്ര.
20 രൂപ മുതൽ 120 രൂപ വരെയുള്ള ദേശീയ പതാകകൾ; കോടികൾ വരുമാനം നേടാൻ കുടുബശ്രീ
തിരുവനന്തപുരം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. ഇതിനാവശ്യമായ ദേശീയ പതാകകൾ ആണ് കുടുംബശ്രീ നിർമ്മിച്ച് നൽകുക.
സംസ്ഥാനത്ത് കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ പതാക നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള 700 ഓളം തയ്യൽ യൂണിറ്റുകളിൽ 4000-ത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്. 28 ലക്ഷം പതാകകൾ നിർമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതുവരെ പൂർത്തിയായി.
ദേശീയ പതാകയുടെ അളവായ 3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമ്മിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ വരുമാനം കുടുബശ്രീക്ക് നേടാനാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam