ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാന്‍റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്

By Web TeamFirst Published Jul 3, 2019, 6:28 PM IST
Highlights

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തകർക്കുന്നു എന്ന മുദ്രാവാക്യത്തോടെയായിരുന്നു യുവമോർച്ചയുടെ മാർച്ച്. തന്ത്രിക്കാണ് ക്ഷേത്രത്തിനകത്തെ കാര്യങ്ങളിൽ പൂർണ്ണ അധികാരമെന്നും  ഇത് വകവയ്ക്കാതെയാണ് ചെയർമാന്‍റെ പ്രവർത്തനമെന്നും ഇവർ ആരോപിക്കുന്നു. 

തൃശൂ‌‌ർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് കെ ബി മോഹൻദാസിന്‍റെ വീട്ടിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. ചെയർമാൻ ആചാരലംഘനം നടത്തിയെന്നും തന്ത്രിയുടെ അധികാരത്തിൽ കൈകടത്തിയെന്നും ആരോപിച്ചായിരുന്നു മാർച്ച്. 

കഴിഞ്ഞ ഒരാഴ്ചയായി യുവമോ‍ർച്ചയും ബിജെപിയും കെ ബി മോഹൻദാസിന്‍റെ രാജി ആവശ്യപ്പെടുന്നുണ്ട്. കലശ ചടങ്ങിനിടെ ഗുരുവായൂർ ക്ഷേത്രത്തിന്‍റെ ഇടനാഴിയിലേക്ക് മോഹൻദാസ് പ്രവേശിച്ചുവെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സംഭവത്തിൽ തന്ത്രിയും പരിചാരകരും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ക്ഷേത്രത്തിനകത്തെ പല കാര്യങ്ങളിലും ചെയർമാൻ കൈകടത്തുന്നതിൽ ഇവർക്ക് എതിർപ്പുണ്ട്. തന്ത്രിക്കാണ് ക്ഷേത്രത്തിനകത്തെ കാര്യങ്ങളിൽ പൂർണ്ണ അധികാരമെന്നും  ഇത് വകവയ്ക്കാതെയാണ് ചെയർമാന്‍റെ പ്രവർത്തനമെന്നും ഇവർ ആരോപിക്കുന്നു. 

കെ ബി മോഹൻദാസിന്‍റെ തൃശൂരിലെ വീട്ടിലേക്കാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തകർക്കുന്നു എന്ന മുദ്രാവാക്യത്തോടെയായിരുന്നു യുവമോർച്ചയുടെ മാർച്ച്. വീടിന് മുന്നിൽ പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. 

click me!