സിക്ക ജാഗ്രത: ആക്ഷൻ പ്ലാൻ ഒരുക്കി ആരോഗ്യവകുപ്പ്, എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം

By Web TeamFirst Published Jul 12, 2021, 12:40 PM IST
Highlights

സിക്ക വൈറസ് ബാധ തടയുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണെന്ന് തിരുവനന്തപുരം ഡിഎംഒ വ്യക്തമാക്കുന്നു. സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു.

തിരുവനന്തപുരം: സിക്ക വൈറസ് ബാധ കേരളത്തിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്‍റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കുന്നു. 

സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിഎംഒ വാർത്താസമ്മേളനം നടത്തിയത്. രോഗബാധയിൽ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡിഎംഒ അറിയിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു. 

തിരുവനന്തപുരത്ത് പാറശ്ശാലയിലാണ് കേരളത്തിൽ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. പാറശ്ശാലയിൽ ഒരു ഗർഭിണി ശരീരത്തിൽ ചുവന്ന പാടുകളടക്കമുള്ള സിക്ക വൈറസ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ മാസം 28-നാണ് രോഗം സ്ഥിരീകരിച്ചത്. പുനെ എൻഐവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനകളിലാണ് രോഗബാധ സിക്കയാണെന്ന് വ്യക്തമായത്. ദിവസങ്ങൾക്ക് ശേഷം യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ഇതുവരെ സംസ്ഥാനത്ത് മൊത്തം 17 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരു കുഞ്ഞുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. 

കൊവിഡിനിടെ സിക്ക കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. മരണനിരക്ക് കുറവാണെങ്കിലും ഗർഭിണികളിലെ സിക്ക ബാധ കുഞ്ഞുങ്ങളിൽ ജനിതക വൈകല്യത്തിന് കാരണമാകും. അത് കൊണ്ട് ഗർഭിണികളിൽ പരിശോധന ശക്തമാക്കും. ഗർഭിണികളിൽ സ്കാനിംഗ് വ്യക്തമായി നടത്തി കുഞ്ഞുങ്ങൾക്ക് ജനിതകവൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 

പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം. പനി, തലവേദന, ശരീരത്തിൽ പാടുകൾ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും മൂന്ന് മാസം വരെ വൈറസിന്‍റെ സ്വാധീനം നിലനിൽക്കും.  ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവരും അവരുടെ പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!