തൊണ്ടവേദനയും ചുമയും; കുടിക്കാം ഈ 4 പാനീയങ്ങള്‍

By Web TeamFirst Published Aug 6, 2018, 12:47 PM IST
Highlights

ഇഞ്ചിയും, പട്ടയും, പുതിനയുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ചായകള്‍ തൊണ്ടവേദനയ്ക്ക് ഒരു പരിധി വരെ ആശ്വാസമേകുന്നു. മരുന്ന് കഴിക്കാത്തപ്പോള്‍ പരീക്ഷിക്കാവുന്ന നാല് പാനീയങ്ങള്‍

ജലദോഷത്തിനോ ചുമയ്‌ക്കോ ശേഷം തൊണ്ട വരണ്ട് പൊട്ടുന്നതും വേദനയുണ്ടാകുന്നതും സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് കൂടെക്കൂടെ ഉണ്ടാവുകയും, വളരെ ദിവസത്തേക്ക് നീണ്ടുപോവുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് മരുന്ന് കഴിക്കുന്നതിനെക്കാളും നല്ലത് നാടന്‍ രീതികളില്‍ ചെറുക്കുന്നതാണ്. ഈ നാല് പാനീയങ്ങളും ഒന്ന് മാറിമാറി പരീക്ഷിച്ചുനോക്കൂ...

ഒന്ന്...

ഒരു കപ്പ് പാല്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരല്‍പം നെയ്യും ചേര്‍ക്കാവുന്നതാണ്. നെയ് ചേര്‍ക്കുന്നതിലൂടെ തൊണ്ടയിലുള്ള അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകുന്നു. 

രണ്ട്...

ഇഞ്ചി- പട്ട- ഇരട്ടിമധുരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണ് മറ്റൊരു പാനീയം. ഇവ മൂന്നും അല്‍പാല്‍പമെടുത്ത് പൊടിച്ചത് ഒരു സ്പൂണോളം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. 10 മിനുറ്റ് തിളപ്പിച്ച ശേഷം ദിവസത്തില്‍ രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ്. 

മൂന്ന്...

ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായ പൊതുവേ ഇടയ്ക്കിടെ നമ്മള്‍ കഴിക്കാറുള്ളതാണ്. ഇതും തൊണ്ടയ്ക്ക് വളരെ നല്ലതാണ്. ഇഞ്ചിയിലുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തൊണ്ടയിലെ അണുബാധയെ ചെറുക്കും. സാധാരണയായി കഴിക്കുന്ന ചായയില്‍ ഇഞ്ചി ചേര്‍ത്തോ അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇഞ്ചിയും അല്‍പം തേനും ചേര്‍ത്ത് ചായയാക്കിയോ കഴിക്കാവുന്നതാണ്. 

നാല്...

പുതിനച്ചായയാണ് തൊണ്ടവേദനയും അസ്വസ്ഥതയും മാറാന്‍ ഉപകരിക്കുന്ന മറ്റൊരു പാനീയം. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ കട്ടന്‍ ചായ തിളപ്പിച്ച് അതില്‍ പുതിനയിലകളിട്ട് കുടിച്ചാലും മതിയാകും. തൊണ്ട മാത്രമല്ല, മുഴുവന്‍ ശരീരവും ഇത് കഴിക്കുന്നതിലൂടെ ഒന്ന് തണുക്കും. 

click me!