കീറ്റോ ഡയറ്റിന്റെ ചില ദോഷവശങ്ങള്‍...

By Web TeamFirst Published Dec 7, 2018, 4:56 PM IST
Highlights

ഭക്ഷണം കഴിച്ച് കൊണ്ടുതന്നെ മെലിയാമെന്നതാണ് കീറ്റോ ഡയറ്റിന്റെ പ്രധാന ആകര്‍ഷണം. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. എങ്കിലും ഇതിനും ചില ദോഷഫലങ്ങളുണ്ട്

ശരീരഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. 

ഭക്ഷണം കഴിച്ച് കൊണ്ടുതന്നെ മെലിയാമെന്നതാണ് കീറ്റോ ഡയറ്റിന്റെ പ്രധാന ആകര്‍ഷണം. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. എങ്കിലും ഇതിനും ചില ദോഷഫലങ്ങളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം...

ഒന്ന്...

അവശ്യമായ ചില പോഷകങ്ങളുടെ കുറവ് കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ കാണാന്‍ സാധ്യതയുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാണ് കീറ്റോ ഡയറ്റിലൂടെ പ്രധാനമായും ശരീരത്തിലെത്തുക. അതിന് പ്രാധാന്യം കൊടുക്കുന്നതോടെ ഫൈബര്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവില്‍ നല്ലതോതിലുള്ള കുറവ് വരുന്നു. 

രണ്ട്...

ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സമാണ് കീറ്റോ ഡയറ്റിന്റെ മറ്റൊരു ദോഷഫലം. ആദ്യം സൂചിപ്പിച്ചത് പോലെ ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം, ഇറെഗുലര്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളാണ് ഇതുമൂലം ഉണ്ടാവുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. 

മൂന്ന്...

കീറ്റോ ഡയറ്റ് താരതമ്യേന സമ്പുഷ്ടമായ ഡയറ്റാണെങ്കിലും അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ചിലരില്‍ മടുപ്പ് കണ്ടേക്കും. മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രേരണയും ഉണ്ടായേക്കാം. മറ്റ് ഭക്ഷണങ്ങള്‍ കൂടി കഴിക്കുന്നതോടെ ഡയറ്റിന് അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നു. 

നാല്...

ശരീരത്തില്‍ 'ഇലക്ട്രോലൈറ്റുകളുടെ' അളവില്‍ ഗണ്യമായ കുറവ് വരാനും സാധ്യതയുണ്ട്. അതായത് അമിതമായ രീതിയില്‍ മൂത്രം പുറത്തുപോകുന്നതിനാല്‍ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ കുറയുന്നു. ഇത് പിന്നീട് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
 

click me!