തയ്യാറാക്കാം തണുപ്പേകും കറ്റാര്‍വാഴ ജ്യൂസ്; നേടാം ഈ ഗുണങ്ങള്‍...

By Web TeamFirst Published Jan 4, 2019, 8:44 PM IST
Highlights

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലുമെല്ലാം കറ്റാര്‍വാഴയ്ക്ക് വലുതല്ലാത്ത ഒരു പങ്കുണ്ട്. ശരീരത്തിന് തണുപ്പേകുകയെന്നതാണ് ഇതിന്റെ ഒരു പ്രധാന ധര്‍മ്മം. ചൂട് മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ

സാധാരണഗതിയില്‍ മുടിയുടെ അഴകിനും കരുത്തിനുമാണ് നമ്മള്‍ കറ്റാര്‍വാഴ ഉപയോഗിക്കാറ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലുമെല്ലാം കറ്റാര്‍വാഴയ്ക്ക് വലുതല്ലാത്ത ഒരു പങ്കുണ്ട്. ശരീരത്തിന് തണുപ്പേകുകയെന്നതാണ് ഇതിന്റെ ഒരു പ്രധാന ധര്‍മ്മം. ചൂട് മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. വേറെയും ഗുണങ്ങള്‍ ഇതിനുണ്ട്.

കറ്റാര്‍വാഴ പച്ചയ്ക്ക് കഴിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന്റെ രുചി പിടിക്കണമെന്നില്ല. അതിനാല്‍ മറ്റെന്തെങ്കിലും ചേര്‍ത്ത് ജ്യൂസാക്കി കഴിക്കുന്നവരും ഉണ്ട്. ആദ്യം സ്വാദോടെ കറ്റാര്‍വാഴ ജ്യൂസുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

കറ്റാര്‍വാഴ ജ്യൂസുണ്ടാക്കുന്ന വിധം...

ആദ്യം കറ്റാര്‍വാഴയുടെ അരികുകള്‍ മുറിച്ചുമാറ്റിയ ശേഷം അതിനകത്തെ മാംസളമായ ഭാഗം വേര്‍തിരിച്ചെടുക്കുക. പുറമെയുള്ള പച്ചത്തൊലി, ഒട്ടും കലരാതെ വേണം ഇത് ചെയ്യാന്‍. ശേഷം വെള്ളം ഉപ്പ്, അല്‍പം നാരങ്ങാനീര്, തേന്‍, അല്‍പം ഇഞ്ചി എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. തണുപ്പിക്കാതെയും തണുപ്പിച്ചുമെല്ലാം ഇത് കഴിക്കാവുന്നതാണ്. 

കറ്റാര്‍വാഴ തനിയെയും ജ്യൂസാക്കി കഴിക്കുന്നവരുണ്ട്. ഇത് ജ്യൂസാക്കി തയ്യാറാക്കിവച്ച ശേഷം ഇടയ്ക്കിടെ വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാം. 

കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍...

ശരീരത്തില്‍ പല വിധേനയും എത്തുന്ന വിഷാംശങ്ങളെ പുറന്തള്ളാനാണ് കറ്റാര്‍വാഴ പ്രധാനമായും സഹായകമാകുന്നത്. കുടലിനെ ശുദ്ധീകരിക്കുന്നത് വഴിയാണ് വിഷാംശങ്ങളെ ഇത് പുറന്തള്ളുന്നത്. 

ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താനും കറ്റാര്‍വാഴ സഹായിക്കുന്നു.അതായത് വയറ്റിനകത്ത് ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ബാക്ടീരിയകളെ ഉത്പാദിപ്പിക്കാനും ഈസ്റ്റുണ്ടാകുന്നത് കുറയ്ക്കാനും ഇതിന് കഴിയുന്നു. 

മനുഷ്യശരീരത്തിന്റെ അടിസ്ഥാനമായ രോഗപ്രതിരോധ വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്താനും കറ്റാര്‍വാഴയ്ക്ക് മിടുക്കുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ തകരുന്നതിനെതിരെ പോരാടാന്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന 'മൈക്രോ ന്യൂട്രിയന്റുകള്‍' സഹായിക്കുന്നു. ഇങ്ങനെയാണ് പ്രതിരോധ വ്യവസ്ഥയെ ഇത് താങ്ങിനിര്‍ത്തുന്നത്. 

കറ്റാർവാഴ ജ്യൂസ്, മിക്കവാറും രാവിലെ നേരത്തേ കഴിക്കുന്നതാണ് ഉത്തമം. തലേന്ന് രാത്രി തയ്യാറാക്കി തണുപ്പിച്ചെടുക്കാം. അല്ലെങ്കില്‍ ഫ്രഷ് ആയി ഉണ്ടാക്കിയും ഉപയോഗിക്കാം. വെള്ളത്തില്‍ കലര്‍ത്തി കഴിക്കാനാണെങ്കില്‍ ദിവസത്തില്‍ പല തവണകളിലായി കഴിക്കുകയും ചെയ്യാം.
 

click me!