ചൂടോടെ കഴിക്കാം ചിക്കന്‍ സൂപ്പ്; നേടാം ഈ ഗുണങ്ങള്‍...

By Web TeamFirst Published Dec 31, 2018, 5:25 PM IST
Highlights

ചിക്കനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറൊട്ടോണിന്‍ എന്ന പദാര്‍ത്ഥം ഉണ്ടാക്കാന്‍ സഹായകമാണ്. സന്തോഷം ഉത്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമെന്നാണ് സെറൊട്ടോണിന്‍ അറിയപ്പെടുന്നത് തന്നെ

തണുപ്പുകാലത്തെ ഒരു പ്രധാന വിഭവമാണ് സൂപ്പുകള്‍. വെജിറ്റബിള്‍, ചിക്കന്‍, മട്ടണ്‍, കോണ്‍- ഇങ്ങനെ ലിസ്റ്റില്‍ സൂപ്പുകളുടെ നീണ്ട നിര തന്നെ ഉണ്ടെങ്കിലും നമ്മള്‍ പലപ്പോഴും സൂപ്പുകള്‍ക്ക് അത്ര പ്രധാന്യമൊന്നും നല്‍കാറില്ല. ശീതമേഖലയില്‍ താമസിക്കുന്നവരെല്ലാം ദിവസവും പ്രധാന ഭക്ഷണമായി കഴിക്കുന്ന ഒന്നാണ് സൂപ്പ്. തണുപ്പിനെയും തണുപ്പുകാലപ്രശ്‌നങ്ങളെയും ചെറുക്കാന്‍ അത്രയും ഉത്തമമാണ് സൂപ്പ്. 

മഞ്ഞിന്റെ സമയങ്ങളില്‍ ഉണ്ടാകുന്ന ജലദോഷം, ചുമ, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്നത്- ഇവയ്‌ക്കെല്ലാം നല്ല ശമനമാണ് സൂപ്പ് നല്‍കുക. അത് ചിക്കനാണെങ്കില്‍ കുറച്ചുകൂടി നല്ലത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചിക്കന്‍. ഈ ഗുണങ്ങളെല്ലാം ചോരാതെ ലഭിക്കാനും സൂപ്പ് തന്നെയാണ് നല്ലത്. 

ഇത് കൂടാതെ ചിക്കനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറൊട്ടോണിന്‍ എന്ന പദാര്‍ത്ഥം ഉണ്ടാക്കാന്‍ സഹായകമാണ്. സന്തോഷം ഉത്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമെന്നാണ് സെറൊട്ടോണിന്‍ അറിയപ്പെടുന്നത് തന്നെ. മൂടിക്കെട്ടിയിരിക്കുന്ന 'മൂഡ്' മാറാന്‍ ഇത് വളരെയധികം സഹായിക്കും. 

ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം പകരാനും ചിക്കന്‍ സൂപ്പ് ഏറെ ഗുണപ്രദമാണ്. സാമാന്യം കനപ്പെട്ട രീതിയില്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഇതിന്, പത്തോ പതിനഞ്ചോ മിനുറ്റ് മുമ്പായി അല്‍പം ചിക്കന്‍ സൂപ്പടിച്ചാല്‍ അത്രയും ഭക്ഷണം ഒറ്റയടിക്ക് ചെല്ലുമ്പോഴുള്ള ദഹനപ്രശ്‌നങ്ങളെ അത് പരിഹരിക്കും. 

സൂപ്പ് തയ്യാറാക്കുമ്പോള്‍ ലഭ്യമായ പച്ചക്കറികളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. കാരറ്റ്, സെലറി, ഉള്ളി- ഇവയെല്ലാം സൂപ്പിന് യോജിച്ച പച്ചക്കറികളാണ്. ചിക്കന്റെ ഗുണങ്ങള്‍ക്കൊപ്പം അവശ്യം വിറ്റാമിനുകളും കൂടി ചേര്‍ന്നാല്‍ ശരീരത്തിന് ഇരട്ടി സന്തോഷം. ഇങ്ങനെയൊക്കെയാണെങ്കിലും പുറത്ത് നിന്ന് വാങ്ങുന്ന സൂപ്പ് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഓര്‍ക്കുക. ചിക്കന്‍ വാങ്ങിച്ച്, നമ്മള്‍ തന്നെയുണ്ടാക്കുന്ന സൂപ്പിന് മാത്രമേ മേല്‍ പറഞ്ഞ ഗുണഗണങ്ങളുണ്ടാകൂ.
 

click me!