
കാഴ്ചയിൽ മനോഹരമാണ് കറ്റാർവാഴ ചെടി. ഭംഗി മാത്രമല്ല കറ്റാർവാഴയ്ക്ക് ഗുണങ്ങളും നിരവധിയാണ്. കൂടുതൽ പരിചരണവും ഈ ചെടിക്ക് ആവശ്യമായി വരുന്നില്ല. നിരവധി ഗുണങ്ങളുള്ള കറ്റാർവാഴ ചെടി വീട്ടിൽ വളർത്താൻ ഇത്രയും മാത്രം ചെയ്താൽ മതി.
ചെടിച്ചട്ടി തിരഞ്ഞെടുക്കാം
ആഴത്തിൽ ഇറങ്ങുന്ന വേരുകൾ അല്ല കറ്റാർവാഴയുടേത്. അതിനാൽ തന്നെ നീളംകൂടിയ ചെടിച്ചട്ടിക്ക് പകരം വീതിയുള്ള ചട്ടി ഉപയോഗിക്കാം. ഇത് ഇലകൾ തസ്സമില്ലാതെ വളരാൻ സഹായിക്കുന്നു.
മണ്ണ്
വന്യമായ സാഹചര്യങ്ങളിൽ നന്നായി വളരുന്നവയാണ് കറ്റാർവാഴ. എന്നാൽ വീട്ടിൽ വളർത്തുമ്പോൾ ഇതിന് വേപ്പിൻ പിണ്ണാക്ക്, തോട്ട മണ്ണ്, മണ്ണിര കമ്പോസ്റ്റ്, കൊക്കോപീറ്റ്, ചാണകം എന്നിവ വളമായി ആവശ്യം വരുന്നു.
സൂര്യപ്രകാശം
കറ്റാർവാഴ ചെടിക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിച്ചാൽ ഈ ചെടി നന്നായി തഴച്ചു വളരും. അതേസമയം അമിതമായ സൂര്യപ്രകാശം ചെടി കരിഞ്ഞുപോകാൻ കാരണമാകുന്നു. എന്നും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
വെള്ളം ഒഴിക്കാം
കറ്റാർവാഴയ്ക്ക് വെള്ളം ആവശ്യമാണ്. എന്നാൽ അമിതമായി വെള്ളം ഒഴിച്ച് കൊടുക്കരുത്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു. അതിനാൽ തന്നെ മണ്ണ് വരണ്ടു തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിക്കാം.
താപനില
30 ഡിഗ്രിയിൽ കൂടുതലുള്ള ചൂട് കറ്റാർവാഴയ്ക്ക് നല്ലതല്ല. താപനില ഇതിലും കൂടുമ്പോഴാണ് ഇലകൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നത്. അതിനാൽ തന്നെ അമിതമായി ചൂടേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
റീ പോട്ടിങ്
കറ്റാർവാഴ ഇടയ്ക്കിടെ പുതിയ ചട്ടിയിലേക്ക് മാറ്റികൊടുക്കേണ്ടതില്ല. എന്നാൽ അമിതമായി വളരുകയോ വേരുകൾ പുറത്ത് വരുകയോ ചെയ്താൽ പഴയത് മാറ്റി വലിപ്പമുള്ള ചട്ടിയിലേക്ക് മാറ്റിവയ്ക്കണം.
കേടുവന്ന ഇലകൾ
പഴുത്തതോ കേടുവന്നതോ ആയ ഇലകൾ വെട്ടി മാറ്റേണ്ടത് പ്രധാനമാണ്. എങ്കിൽ മാത്രമേ പുതിയ ഇലകൾ വരുകയുള്ളൂ.