സ്വാദിഷ്ടമായ ബിരിയാണിക്ക് വീട്ടിലുണ്ടാക്കാം ഗംഭീര മസാല...

By Web TeamFirst Published Jul 30, 2018, 11:43 AM IST
Highlights

കടകളില്‍ നിന്ന് വാങ്ങുന്ന മസാല പൊടികള്‍ ഉപയോഗിക്കുമ്പോള്‍ ബിരിയാണിയുടെ തനത് രുചി നഷ്ടപ്പെടുന്നു. മസാലയുണ്ടാക്കാനായി ഓരോന്നും ചേര്‍ക്കുന്നതിന് ഏകദേശ അളവ് സൂക്ഷിക്കുക. 

വീട്ടില്‍ ബിരിയാണിയുണ്ടാക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയാകാറ് അതില്‍ ചേര്‍ക്കുന്ന മസാലയുടെ കൂട്ടും അളവുമൊക്കെയാണെന്നാണ് പൊതുവേയുള്ള പരാതി. കടകളില്‍ നിന്ന് വാങ്ങുന്ന മസാല പൊടികള്‍ ബിരിയാണിയുടെ തനത് രുചി കളയുമെന്ന കാര്യത്തില്‍ സംശയവുമില്ല. 

ഈ ബിരിയാണി മസാലക്കൂട്ട് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. എങ്ങനെയെന്ന് നോക്കാം. 

ഒരു വലിയ ടീസ്പൂണ്‍ ഏലയ്ക്ക, അത്രയും തന്നെ ഗ്രാമ്പൂ, രണ്ടിഞ്ച് വലിപ്പത്തില്‍ കറുകപ്പട്ട, അര ടീസ്പൂണ്‍ വലിയ ജീരകം, മുക്കാല്‍ ടീസ്പൂണ്‍ ഉണങ്ങിയ കുരുമുളക്, ആവശ്യമെങ്കില്‍ അല്‍പം മല്ലിയും ചേര്‍ക്കാം. ഇതേ അനുപാതത്തില്‍ എത്രയധികം മസാല വേണമെങ്കിലും ഉണ്ടാക്കാം. 

ചുവട് കട്ടിയുള്ള പാന്‍ ചെറിയ തീയില്‍ ചൂടാക്കിയ ശേഷം ഇവയെല്ലാം അതിലിട്ട് ഒന്ന് വറുത്തെടുക്കുക. വറുത്തെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, ഒരിക്കലും കരിയരുത്. ചെറുതായി മൂക്കുന്ന മണം വരുന്നതോടെ തീ കെടുത്താം. 

വറുത്തുവച്ചത് ചൂടാറാനായി അല്‍പനേരം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം നന്നായി പൊടിച്ചെടുക്കാവുന്നതാണ്. ഓരോരുത്തരുടേയും അളവിന് അനുസരിച്ച് ഈ മസാല ഉപയോഗിക്കാം. എന്നാല്‍ ചെറിയ അളവില്‍ ചേര്‍ത്താല്‍ തന്നെ മതിയാകും. 

ബിരിയാണി ഉണ്ടാക്കുമ്പോള്‍ സവാളയും തക്കാളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം നന്നായി മൂപ്പിച്ച ശേഷമാണ് ഈ മസാല ചേര്‍ക്കേണ്ടത്. മറ്റ് സ്‌പൈസുകളെല്ലാം അരി വേവിക്കുന്ന വെള്ളത്തിലും ചേര്‍ക്കാം. ബിരിയാണിയില്‍ മാത്രമല്ല, പനീര്‍, കോളിഫ്‌ളവര്‍, സോയ തുടങ്ങിയ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ചേര്‍ക്കാനും ഈ മസാല നല്ലതാണ്.
 

click me!