കിടിലൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം

By Neenu SamsonFirst Published Dec 26, 2018, 8:35 AM IST
Highlights

ചെമ്മീൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചെമ്മീൻ റോസ്റ്റ്. സ്വാദൂറും ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ചെമ്മീൻ                                        അര കിലോ 
സവാള                                           3 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി                                             2 ടേബിൾസ്പൂൺ 
വെളുത്തുള്ളി                              2 ടേബിൾസ്പൂൺ കൊത്തിയരിഞ്ഞത്
മുളകുപൊടി                               1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി                            അര ടീസ്പൂൺ
മല്ലി പൊടി                                    മുക്കാൽ ടേബിൾസ്പൂൺ
കറിവേപ്പില                                  രണ്ട് തണ്ട്
പുളി വെള്ളം                                1 ടേബിൾസ്പൂൺ
തക്കാളി                                          2 എണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങാക്കൊത്ത്                          2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ                                   ആവശ്യത്തിന്
ഉപ്പ്                                                    ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

 ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാൻ ചീനച്ചട്ടി അല്ലെങ്കിൽ മൺചട്ടി ഉപയോഗിക്കാം. 

ആദ്യം വെളിച്ചെണ്ണ  ചൂടാക്കുക. ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കാം. ശേഷം സവാള വഴറ്റാം. ഉപ്പും ചേർത്ത് കൊടുക്കുക.

  സവാള നന്നായി വഴറ്റി എടുക്കണം . ഇനി മുളകുപൊടിയും മഞ്ഞൾ പൊടിയും മല്ലിപൊടിയും ചേർത്ത് കൊടുക്കാം. നന്നായി മൂപ്പിച്ചെടുക്കാം.

 ഈ സമയത്തു തീ കുറച്ചു വയ്ക്കണം. ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്ത് ഇളക്കി നന്നായി പേസ്റ്റ് പരുവത്തിൽ ആക്കിയെടുക്കണം. ഇനി ചെമ്മീൻ ചേർത്ത് കൊടുക്കാം.  

പുളി വെള്ളവും തേങ്ങാകൊത്തും കൂടി ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി കൊടുക്കണം.  ചെമ്മീൻ വെന്തു തുടങ്ങുമ്പോൾ വെള്ളം ഇറങ്ങി വരും. 

ഇനി ചട്ടി അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാകം ആകുമ്പോൾ ചട്ടിയുടെ അടപ്പ് മാറ്റാം.  വെള്ളമയം ഉണ്ടെങ്കിൽ അത് കൂടി വറ്റിച്ചെടുക്കാം.

സ്വാദൂറും ചെമ്മീൻ റോസ്റ്റ് തയ്യാറായി...


    

click me!