സ്വാദൂറും ഉഡുപ്പി സാമ്പാർ തയ്യാറാക്കാം

By Lekshmi HarikrishnanFirst Published Jan 12, 2019, 10:22 AM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉഡുപ്പി സാമ്പാർ. സ്വാദൂറും ഉഡുപ്പി സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

പരിപ്പ്                                                                 ഏകദേശം 1/2 മുതൽ 3/4ഗ്ലാസ് 
പുളി                                                                  1 നെല്ലിക്ക വലുപ്പത്തിൽ 
ശർക്കര                                                            1 ചെറിയ കഷ്ണം
മഞ്ഞൾപൊടി                                                1 ടീസ്പൂൺ  
കടുക്, ഉണക്കമുളക്                                    താളിക്കാൻ 
 മുരിങ്ങ                                                            1 എണ്ണം
മത്തൻ                                                              1 ചെറിയ കഷ്ണം 
വെണ്ടക്ക                                                          4 എണ്ണം 
വഴുതന                                                            1  ചെറുത് 
ഉരുളക്കിഴങ്ങ്                                                  1 എണ്ണം
തക്കാളി                                                            1 എണ്ണം (ചെറുത് /പകുതി) 
കുമ്പളം, ചെറിയുള്ളി  നിർബന്ധം ഇല്ല ....

അരപ്പിന് ...

കായം                                      1  കഷ്ണം 
മല്ലി                                           4 ടേബിൾ സ്പൂൺ 
ഉണക്കമുളക്                        10/12 എണ്ണം 
ഉലുവ                                       1 ടീസ്പൂൺ 
ഉഴുന്ന്                                       1 ടീസ്പൂൺ 
തേങ്ങ                                    ആവശ്യത്തിന് 
വേപ്പില,ഉപ്പ്, എണ്ണ              ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം ...

ആദ്യം പരിപ്പ് കഴുകി അല്പം വെള്ളത്തിൽ മഞ്ഞൾപൊടി ചേർത്തു കുക്കറിൽ വയ്ക്കുക.അല്പം വെളിച്ചെണ്ണ കൂടി ചേർത്താൽ തിളച്ചു പോകാതിരിക്കുകയും സ്വാദ് കൂടുകയും ചെയ്യും.

പുളി അല്പം ഇളം ചൂട് വെള്ളത്തിൽ കുതിർ‌ക്കാൻ വയ്ക്കുക.ഒരു വിസിൽ മതി. ശേഷം കഷ്ണങ്ങൾ വെണ്ടയ്ക്ക ഒഴികെ  അല്പം വലിയ ചതുരം ആക്കി മുറിച്ചു ഒരു ചെറിയ കഷ്ണം കായം ചേർത്തു വീണ്ടും കുക്കറിൽ വയ്ക്കുക. രണ്ട് വിസിൽ മതി.

ഇനി അരപ്പിന് ഉള്ളത് വറുത്തെടുക്കുക. അല്പം വെളിച്ചെണ്ണയിൽ ഉഴുന്ന് ഇട്ട് ചെറുതായി കളർ മാറി വരുമ്പോ കായം ഇട്ട് വഴറ്റുക. ശേഷം മല്ലി, മുളക് ചേർത്ത് വഴറ്റുക. ഇനി ഉലുവ, വേപ്പില എന്നിവ ചേർത്തു വീണ്ടും വഴറ്റുക. 

ശേഷം തേങ്ങ ചേർത്തു നന്നായി ഗോൾഡൻ നിറം ആവുന്ന വരെ വറുത്തെടുക്കുക. കരിയരുത്. ഇനി അരച്ചെടുക്കുക. ഇനി കുക്കർ തുറന്നു കുതിർത്തു വച്ചിരിക്കുന്ന പുളി പിഴിഞ്ഞ് ചേർത്തു ശർക്കര, ഉപ്പ് എന്നിവയും ചേർത്തു തിളപ്പിക്കുക. ഇളക്കരുത്.

ഇനി വെണ്ടയ്ക്ക മുറിച്ചത് അല്പം എണ്ണ ഒഴിച്ച് ഒന്ന് വഴറ്റി എടുത്തു ചേർക്കുക. ഇത് കുക്കറിൽ ഇട്ടാൽ വെന്തു കലങ്ങി സ്വാദ് നഷ്ടപ്പെടും.ഇങ്ങനെ ചേർത്താൽ ഫ്രഷ് ആയി ഇരിക്കും.

നന്നായി തിളച്ചു വരുമ്പോൾ അരപ്പു ചേർത്തു തിളപ്പിക്കുക. ശേഷം വാങ്ങി കടുക് താളിച്ചു ഉപയോഗിക്കാം. ഇഷ്ടമെങ്കിൽ മല്ലിയില വിതറി ഉപയോഗിക്കാം. രണ്ട് ദിവസം വരെ കേടാകാതെ ഇരിക്കും ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ.


 

click me!