
നൽകുന്ന സ്നേഹം ഒട്ടും കുറയാതെ തിരിച്ചുതരുന്ന മൃഗമാണ് നായ്ക്കൾ. എന്നാൽ തന്റെ വളർത്ത് നായയുടെ സ്‌നേഹം കണ്ട് ആഡംബര കാറും കമ്പനിയും പൂട്ടി നായ്ക്കൾക്കായി ഒരു ഷെൽട്ടർ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ സ്വദേശിയായ 54 കാരൻ. ഹിറോതക സൈതോ എന്ന യുവാവാണ് നായ്ക്കൾക്ക് ഷെൽട്ടർ ആരംഭിക്കാൻ വേണ്ടി സ്വന്തം കാർ വിൽക്കുകയും കമ്പനി പൂട്ടുകയും ചെയ്തത്. ഇങ്ങനെ ചെയ്യാൻ ഹിറോതകയ്ക്ക് ഒരു കാരണമുണ്ട്. കേട്ടാൽ ആശ്ചര്യം തോന്നുമെങ്കിലും ഒരു നായക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമോ എന്നാണ് പലരും ചിന്തിക്കുന്നത്. വളർത്ത് നായ തന്റെ ജീവൻ രക്ഷിച്ചതോടെയാണ് ഹിറോതക ഇങ്ങനെയൊരു തീരുമാനം എടുത്തത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ ഹിറോതക ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. എല്ലാം തീരുമാനിച്ച് ഉറപ്പിച്ച ശേഷം വീട്ടിൽ നിന്നും ഇറങ്ങാൻ നിന്ന യുവാവിനെ വളർത്ത് നായ പോകാൻ അനുവദിച്ചില്ല. വാതിൽ തുറന്നിറങ്ങിയ ഉടമയെ നായ തടഞ്ഞ് നിർത്തുകയും പുറത്തേക്ക് ഇറങ്ങാൻ സമ്മതിക്കാതെയും ആയി. ഇതോടെ ജീവൻ അവസാനിപ്പിക്കണമെന്ന തീരുമാനം യുവാവ് ഉപേക്ഷിക്കുകയായിരുന്നു. തന്റെ വളർത്ത് നായക്ക് കാര്യങ്ങൾ മനസിലായി എന്ന തിരിച്ചറിവാണ് യുവാവിനെ ആത്മഹത്യ ചെയ്യണമെന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്. അതിനു ശേഷം ആക്രമണകാരികളായ നായ്ക്കളെ യുവാവ് രക്ഷപ്പെടുത്തുകയും അവയ്ക്ക് സ്നേഹവും പരിപാലനവും നൽകുകയും ചെയ്തു.
ഒടുവിൽ അവിടെ തന്നെ നായ്ക്കൾക്ക് രക്ഷാകേന്ദ്രവും ആരംഭിച്ചു. സുഖമില്ലാത്തതും ആരോഗ്യം മോശമായതും ആയ നായ്ക്കളെ പരിപാലിക്കാൻ തുടങ്ങി. തന്റെ ജീവൻ രക്ഷിച്ച നായയോടുള്ള കടപ്പാടായാണ് ബാക്കിയുള്ള ജീവിതം നായ്ക്കളെ സംരക്ഷിക്കണമെന്ന തീരുമാനമെടുക്കാൻ യുവാവിന് പ്രേരണ നൽകിയത്. നിലവിൽ സംരക്ഷണ കേന്ദ്രത്തിൽ 40 നായ്ക്കളും 8 പൂച്ചകളുമാണ് ഉള്ളത്. ഫണ്ടുകൾ രൂപീകരിച്ച് ഇനിയും 300 ഓളം നായ്ക്കളെ പരിപാലിക്കണമെന്നാണ് ഹിറോതകയുടെ ആവശ്യം.