
ഇന്ന് ആഗസ്റ്റ് 12. ലോക ആന ദിനമായി ആചരിക്കുന്നു. ആനകളുടെ സംരക്ഷണത്തിനും അവയെ പരിപാലിക്കുന്നതിനും വേണ്ടി സമൂഹത്തെ ബോധവത്കരിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ആനകളുടെ സംരക്ഷണത്തിന് ലോകത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ വർഷത്തെ പ്രമേയം.
കോയമ്പത്തൂരിൽ വെച്ചാണ് ലോക ആന ദിനം ആചരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ മനുഷ്യ- ആന സംഘർഷങ്ങൾ ലഘൂകരിക്കുക എന്നതാണ് മുഖ്യ പ്രമേയം. തമിഴ്‌നാട് വനം വകുപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം മന്ത്രി ഭൂപേന്ദർ യാദവ് അധ്യക്ഷത വഹിക്കും. ആനകളുടെ സംരക്ഷണത്തിന് വേണ്ടി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ 33 ആന സംരക്ഷണ കേന്ദ്രങ്ങളും 150 ആനത്താരകളും പങ്കെടുക്കുന്നുണ്ട്.
ആനകൾക്ക് ദേശീയ പൈതൃക മൃഗത്തിന്റെ പദവിയാണ് നൽകിയിട്ടുള്ളത്. രാജ്യത്തിൻറെ സംസ്കാരത്തിലും പാരമ്പര്യത്തിലും അവ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ തന്നെ അവയെ സംരക്ഷിക്കുന്നതിനും ആനകളുടെ നിലനിൽപ്പിനും വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുവാനും നയങ്ങൾ രൂപീകരിക്കാനുമാണ് ഈ പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.
തമിഴ്‌നാട്ടിൽ ആനകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. അതിനാൽ തന്നെ മനുഷ്യ-ആന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഇത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വനപാലകർ, നയരൂപകർത്താക്കൾ, വന്യജീവി വിദഗ്ധർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവർ ആനകളുടെ സംരക്ഷണത്തെ കുറിച്ചും സംഘർഷ പരിഹാരത്തെക്കുറിച്ചും ആശയങ്ങൾ കൈമാറുന്നതിനും ഈ വേദി ഉപകരിക്കും.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിംഗ്, തമിഴ്‌നാട് വനം, ഖാദി മന്ത്രി ആർ.എസ്. രാജകണ്ണപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ. യാദവ് പരിപാടി ഉദ്ഘാടനം ചെയ്യും. മുതിർന്ന ഉദ്യോഗസ്ഥർ, തമിഴ്‌നാട് വനം വകുപ്പ്, റെയിൽവേ മന്ത്രാലയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. 5,000 സ്കൂളുകളിൽ നിന്നുള്ള ഏകദേശം 12 ലക്ഷത്തോളം വിദ്യാർത്ഥികൾ ആന ദിനാചരണത്തിൽ പങ്കെടുക്കും.