
കറികളില്‍ ഉപ്പ് കൂടിയാല്‍ പല മാര്‍ഗങ്ങളിലൂടെ ഇത് പരിഹരിക്കാം. ഇതിനായി ചില പൊടിക്കൈകള്‍ നോക്കാം...
ഒന്ന്
കറിയില്‍ ഉപ്പ് കൂടിയെന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ അല്‍പം വെള്ളം ചേര്‍ക്കുക. വെള്ളം ചേര്‍ത്ത ശേഷം നന്നായി തിളപ്പിക്കുകയും വേണം.
രണ്ട്
വിനാഗിരിയും പഞ്ചസാരയും ചേര്‍ക്കുന്നതിലൂടെയും കറിയിലെ അമിതമായ ഉപ്പിനെ ലഘൂകരിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയുമാണ് ചേര്‍ക്കേണ്ടത്.
മൂന്ന്
തക്കാളിയും ഒരു പരിധി വരെ കറിയിലെ ഉപ്പിനെ നിയന്ത്രിക്കും. ചെറുതായി അരിഞ്ഞ തക്കാളിയോ, അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് അല്‍പനേരം കൂടി കറി വേവിച്ചാല്‍ മതിയാകും.
നാല്
ഉരുളക്കിഴങ്ങുപയോഗിച്ചും കറിയിലെ അമിതമായ ഉപ്പിനെ നീക്കാവുന്നതാണ്. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനുറ്റോളം വേവാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.
അഞ്ച്
സവാള ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാരം. കറിയിലേക്ക് പച്ച സവാള മുറിച്ചത് ചേര്‍ത്ത് അല്‍പനേരം അടുപ്പില്‍ തന്നെ വയ്ക്കുക. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
ആറ്
കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്.
ഏഴ്
മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു മാര്‍ഗം. ശേഷം പത്ത് മുതല്‍ പതിനഞ്ച് മിനുറ്റുകള്‍ വരെ കറി വേവിക്കണം. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
എട്ട്
അധികം പുളിയില്ലാത്ത വെണ്ണയോ തൈരോ ചേര്‍ക്കുന്നതും ഗുണകരമാണ്. എത്ര ഉപ്പാണോ കൂടിയത്, അതിനനുസരിച്ച് ഇവ ചേര്‍ക്കാം.