
മനുഷ്യന്‍റെ ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയക്കുള്ള സ്വാധീനം അവഗണിക്കാനാവാത്തതാണ്. ഗുണകരമായും ദോഷകരമായും അത് പലപ്പോഴും ജീവിതത്തില്‍ കടന്നുവരാറുമുണ്ട്. ഇവിടെ സോഷ്യല്‍ മീഡിയയുണ്ടാക്കിയ ഒരു വലിയ നേട്ടത്തെ കുറിച്ചാണ് പറയുന്നത്. ഇംഗ്ലണ്ടിലെ ഒരു പുസ്‍തകശാലയുടെ അധികൃതരാണ് ആ ട്വീറ്റിട്ടത്. പീറ്റേഴ്‍സ് ഫീല്‍ഡ് പുസ്‍തകശാലയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, 'ഒരൊറ്റ പുസ്‍തകം പോലും ഇന്ന് വിറ്റിട്ടില്ല. നമുക്ക് തോന്നുന്നത്, ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. ഇതിന്‍റെ ദയനീയത ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ചുവടെയുള്ള ഞങ്ങളുടെ പുസ്‍തകങ്ങള്‍ വാങ്ങുക. എല്ലാം ഇപ്പോൾ 25% കിഴിവിലാണ് നല്‍കുന്നത്'. ഒപ്പം പുസ്‍തകശാലയുടെ ചിത്രങ്ങളും നല്‍കി.
വളരെ പെട്ടെന്നുതന്നെ പുസ്‍തകശാലയുടെ ഈ ട്വീറ്റ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. എഴുത്തുകാരനായ നെയില്‍ ഗെയ്‍മാന്‍ ഇത് റീട്വീറ്റും ചെയ്‍തിരുന്നു. ഒപ്പം ട്വിറ്ററിലുള്ളവരെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും എഴുതിയിരുന്നു. ഈ കറുത്ത കാലത്ത് ട്വിറ്റര്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കുറിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകളും ഫോണ്‍കോളുകളും പുസ്‍തകശാലയിലേക്ക് ഒഴുകി. അങ്ങനെ ഒറ്റദിവസം കൊണ്ടുതന്നെ ഏകദേശം ഒരുലക്ഷം രൂപയുടെ പുസ്‍തകങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. അതിനെക്കുറിച്ചും പുസ്‍തകശാല ട്വിറ്ററിലെഴുതി. മറ്റൊരു ട്വീറ്റില്‍ അവര്‍ നെയില്‍ ഗെയ്‍മാന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
'അത് ഭയങ്കര ടച്ചിങ്ങായിരുന്നു. മനുഷ്യര്‍ നല്ലവരാണ്. അത് വളരെയധികം മാറ്റമുണ്ടാക്കി. പുസ്‍തകങ്ങളൊന്നും വിറ്റുപോകാത്ത ദിവസങ്ങളായിരുന്നു. കാലാവസ്ഥയിലുള്ള പ്രശ്‍നം കാരണം ആരും പുറത്തുപോലും ഇറങ്ങിയിരുന്നില്ല. പക്ഷേ, ആ ട്വീറ്റ് വലിയൊരു മാറ്റമാണുണ്ടാക്കിയത്. അന്നത്തേത് ഒരു തിരക്കുപിടിച്ച ദിവസമായിരുന്നു'വെന്ന് പുസ്‍തകശാലയിലെ ജീവനക്കാരന്‍ പറയുന്നു.
'ഞാന്‍ പഴയ രീതികള്‍ പിന്തുടരുന്ന ആളാണ്. എനിക്ക് സോഷ്യല്‍ മീഡിയയെ കുറിച്ചൊന്നും അറിയില്ല. പക്ഷേ, പുസ്‍തകശാലയിലെ അന്നത്തെ കണക്കുകള്‍ തന്നെ ഞെട്ടിച്ചു'വെന്ന് ഉടമ അമ്പത്തിയാറുകാരനായ ജോണ്‍ വെസ്റ്റ്‍വുഡ് ദ ഗാര്‍ഡിയനോട് പറഞ്ഞു.